ഇക്വ‘ഡോർ’ തള്ളിത്തുറന്ന് മെസ്സി, 78-ാം മിനിറ്റിലെ ഫ്രീകിക്ക് ഗോളിൽ അർജന്റീനയ്ക്കു വിജയം
Mail This Article
ബ്യൂനസ് ഐറിസ് ∙ ഒരു ഫ്രീകിക്കു കൊണ്ട് മെസ്സി മുട്ടിയാൽ തുറക്കാത്ത ഗോൾ വാതിലുകളില്ല! ഇത്തവണ അർജന്റീന താരം തള്ളിത്തുറന്നത് ഇക്വ‘ഡോർ’. 2026 ലോകകപ്പിനുള്ള തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയ്ക്കു ജയം (1–0). 78–ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്കാണ് ഇക്വഡോറിന്റെ പ്രതിരോധം തകർത്തത്.
ബ്യൂനസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ, 83,000 ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് പെനൽറ്റി ബോക്സിനു തൊട്ടു പുറത്തു നിന്ന് മെസ്സിയുടെ ബൂട്ടിൽ നിന്നുതിർന്ന പന്ത് ഇക്വഡോർ ഗോൾവലയിലേക്ക് ചാഞ്ഞിറങ്ങിയത്. ചെൽസി താരം മോയ്‌സസ് കെയ്സഡോയുടെ നേതൃത്വത്തിൽ അതുവരെ അർജന്റീന മുന്നേറ്റങ്ങളെ ചെറുത്തുനിന്ന ഇക്വഡോറിന്റെ അധ്വാനം അതോടെ വിഫലമായി.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച ടീമിൽ നിന്ന് അപ്രതീക്ഷിത മാറ്റങ്ങളുമായാണ് അർജന്റീന കോച്ച് ലയണൽ സ്കലോനി ടീമിനെ ഇറക്കിയത്. ഏയ്ഞ്ചൽ ഡിമരിയയ്ക്കു പകരം നിക്കോളാസ് ഗോൺസാലസിനെയും യൂലിയൻ അൽവാരസിനു പകരം ലൗറ്റാരോ മാർട്ടിനസിനെയുമാണ് ആദ്യ ഇലവനിൽ മെസ്സിക്കൊപ്പം മുന്നേറ്റത്തിൽ സ്‌കലോനി വിന്യസിച്ചത്.
പന്തവകാശത്തിലും മുന്നേറ്റങ്ങളിലും മികച്ചു നിന്നെങ്കിലും ആദ്യ പകുതിയിൽ അർജന്റീനയ്ക്കു ഗോൾ നേടാനായില്ല. മരിയയെയും അൽവാരസിനെയും സ്കലോനി രണ്ടാം പകുതിയിൽ ഇറക്കിയെങ്കിലും വിജയഗോൾ വന്നത് മുപ്പത്തിയാറുകാരൻ മെസ്സിയുടെ ബൂട്ടിൽ നിന്നു തന്നെ. വെനസ്വേലയ്ക്കെതിരെ കൊളംബിയയും ഇന്നലെ ജയം കുറിച്ചു (1–0). പാരഗ്വായും പെറുവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
English Summary: Argentina beat Ecuador in World Cup Qualifiers