ADVERTISEMENT

ലാപാസ് (ബൊളീവിയ) ∙ സന്ദർശകരായി എത്തുന്ന ടീമുകൾക്കെല്ലാം ‘ശ്വാസം മുട്ടാറുള്ള’ ലാപാസിലെ സ്റ്റേഡിയത്തിൽ അർജന്റീന വിജയക്കൊടി നാട്ടി. ലോകകപ്പ് ഫുട്ബോൾ തെക്കേ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയിട്ടും ബൊളീവിയയ്ക്കെതിരെ അർജന്റീനയ്ക്ക് 3–0 ജയം.

സമുദ്രനിരപ്പിൽ നിന്ന് 3660 മീറ്റർ ഉയരത്തിലുള്ള ലാപാസ് നഗരത്തിലെ ഹെർണാണ്ടോ സിലെസ് സ്റ്റേഡിയത്തിൽ എൻസോ ഫെർണാണ്ടസ് (31–ാം മിനിറ്റ്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (42), നിക്കോളാസ് ഗോൺസാലസ് (83) എന്നിവരാണ് അർജന്റീനയുടെ സ്കോറർമാർ. ഏയ്ഞ്ചൽ ഡിമരിയയാണ് ആദ്യ 2 ഗോളിനും വഴിയൊരുക്കിയത്. 39–ാം മിനിറ്റിൽ ബൊളീവിയൻ താരം റോബർട്ടോ ഫെർണാണ്ടസ് ചുവപ്പു കാർഡ് കണ്ടു പുറത്തായി.

കളിക്കാനിറങ്ങിയില്ലെങ്കിലും മെസ്സി ടീമിനൊപ്പം ഉണ്ടായിരുന്നു. അന്തരീക്ഷത്തിലെ ഓക്സിജൻ ലഭ്യത കുറവായതിനാൽ ടീമുകൾക്കു വെല്ലുവിളിയാകാറുള്ള സ്റ്റേ‍ഡിയമാണ് ലാപാസിലേത്. ഇക്കാരണം കൊണ്ടു തന്നെ ഇവിടെ രാജ്യാന്തര മത്സരങ്ങൾ നടത്തുന്നത് മുൻപൊരിക്കൽ ഫിഫ വിലക്കിയിരുന്നു. 2009ൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം ഇവിടെ ബൊളീവിയയോട് 6–1നു  തോൽവിയറിഞ്ഞിട്ടുമുണ്ട്.

ബ്രസീൽ രക്ഷപ്പെട്ടു

കഴിഞ്ഞ മത്സരത്തിൽ ബൊളീവിയയെ 5–1നു തകർത്ത ബ്രസീൽ ഇന്നലെ പെറുവിനെതിരെ ജയിച്ചു കയറിയത് 90–ാം മിനിറ്റിൽ ഡിഫൻഡർ മാർക്വിഞ്ഞോസ് നേടിയ ഗോളിൽ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ സഹതാരം നെയ്മാറുടെ കോർണറിൽ നിന്നുള്ള ഹെഡറിലാണ് മാർക്വിഞ്ഞോസ് ലക്ഷ്യം കണ്ടത്. കളിയിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ റാഫിഞ്ഞയുടെയും റിച്ചാർലിസന്റെയും ഗോൾശ്രമം ഓഫ്സൈഡ് ആയത് ബ്രസീലിനു തിരിച്ചടിയായി. ഇന്നലെ മറ്റു മത്സരങ്ങളിൽ വെനസ്വേല 1–0ന് പാരഗ്വായെയും ഇക്വഡോർ 2–1ന് യുറഗ്വായെയും തോൽപിച്ചു. ചിലെയും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. യോഗ്യതാ റൗണ്ടിൽ 6 പോയിന്റുമായി ബ്രസീലും അർജന്റീനയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.                 

English Summary : Argentina wins 3-0 against Bolivia in FIFA world cup qualifier match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com