ചൈനാമതിൽ കടക്കാതെ, ഫുട്ബോളിൽ തോൽവി; ഇന്ത്യയുടെ ഏകഗോൾ നേടിയത് കെ.പി.രാഹുൽ

Mail This Article
ഹാങ്ചോ ∙ ഇന്ത്യൻ ആരാധകർ പേടിച്ചതുതന്നെ സംഭവിച്ചു. ഒന്നിച്ചുള്ള പരിശീലനമില്ലാതെ, വിശ്രമത്തിനുപോലും സമയം കിട്ടാതെ ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ആദ്യ മത്സരത്തിൽ കാലിടറി. ആതിഥേയരായ ചൈനയ്ക്കെതിരെ 5–1നായിരുന്നു ഇന്ത്യയുടെ തോൽവി.

ആദ്യ പകുതിയിൽ 1–1 നു പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയിൽ ചൈനീസ് താരങ്ങളുടെ വേഗത്തിനൊപ്പമെത്താതെ ഇന്ത്യൻ ടീം തളർന്നു. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ മലയാളി താരം കെ.പി.രാഹുൽ നേടിയ മനോഹര ഗോൾ മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള വക. നാളെ ഉച്ചയ്ക്ക് 1.30ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സോണി ടെൻ 5 ചാനലിൽ തൽസമയം കാണാം.

ഹുവാങ്‌ലോ സ്റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ ആരവങ്ങളിൽ നിന്നു ആവേശമുൾക്കൊണ്ടു കുതിച്ച ചൈനീസ് ടീം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നയം വ്യക്തമാക്കി. ആദ്യ 12 മിനിറ്റിനിടെ 4 ഗോൾഷോട്ടുകളാണ് അവർ പായിച്ചത്.സന്ദേശ് ജിങ്കാന്റെയും ഗോളി ഗുർമീത് സിങ്ങിന്റെയും രക്ഷാപ്രവർത്തനം തുടക്കത്തിൽ ഇന്ത്യയെ തുണച്ചെങ്കിലും 16–ാം മിനിറ്റിൽ ഗൗവു തെയ്നിയിലൂടെ ചൈന അക്കൗണ്ട് തുറന്നു. 22–ാം മിനിറ്റിൽ പെനൽറ്റി കിക്ക് തടുത്തിട്ട് ഗുർമീത് വീണ്ടും രക്ഷകനായി. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു രാഹുലിന്റെ ഗോൾ.

ഇന്ത്യൻ പ്രതിരോധത്തിലെ വീഴ്ചകളിൽ നിന്നായിരുന്നു ചൈനയുടെ 4 ഗോളുകളും. വെയ്ജുൻ ഡായ് (51), ക്വിയാങ്‌ലോങ് താവോ (72,76), ഹു ഫാങ് (90+2) എന്നിവരാണ് ചൈനയുടെ പിന്നീടുള്ള ഗോളുകൾ നേടിയത്.





English Summary: India vs China, Asian Games: Exhausted IND endure 1-5 hammering against formidable China