മഴയിലും അണയാത്ത ആവേശം; പടുകൂറ്റൻ ടിഫോ ഉയർത്തി ബ്ലാസ്റ്റേഴ്സ് ആരാധകർ

Mail This Article
കൊച്ചി ∙ കിക്കോഫും മഴയും ഒന്നിച്ചെത്തിയ നിമിഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കോട്ടയിൽ ഇന്ത്യൻ സൂപ്പർ ലീഗിനു പത്താമുദയം. മഴത്തുള്ളിത്തിളക്കത്തോടെ കിക്കോഫ്. പന്തിൽ സീസണിലെ ആദ്യസ്പർശം ബ്ലാസ്റ്റേഴ്സിന്റെ പുതിയ നായകൻ അഡ്രിയൻ ലൂണ വക. ആ പന്ത് തേടിച്ചെന്നതു മുൻ സീസണിൽ മോഹൻ ബഗാനെ കിരീടത്തിലേക്കു നയിച്ച, പുതിയ ബ്ലാസ്റ്റേഴ്സ് താരം പ്രീതം കോട്ടാലിലേക്ക്.
കൊച്ചി സ്റ്റേഡിയം അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ കാണിക്കൂട്ടം സാക്ഷിയാക്കിയാണ് ഐഎസ്എലിന്റെ പത്താം അധ്യായത്തിന്റെ തുടക്കം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ദാതുക് വിൻഡ്സർ ജോൺ മത്സരത്തിനു മുഖ്യാതിഥിയായി.
പോയ സീസണിൽ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരത്തിലെ വിവാദ ഗോൾ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു കളംവിട്ടതിനു വിലക്ക് നേരിടുന്ന പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഇല്ലാതെയാണു ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിന് ഇറങ്ങിയത്. ഇവാൻ ഒപ്പമുണ്ടായിരുന്നില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുഖംമൂടി ധരിച്ചെത്തിയ ആയിരക്കണക്കിന് ആരാധകർ ആ കുറവ് നികത്തി.
70 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള പടുകൂറ്റൻ ടിഫോ ഉയർത്തിയാണു ബ്ലാസ്റ്റേഴ്സിന്റെ ഫാൻ കൂട്ടായ്മയായ മഞ്ഞപ്പട ടീമിനെ വരവേറ്റത്. ആരാധക ആവേശത്തിന്റെ പ്രഭവസ്ഥാനമായ കിഴക്കേ ഗാലറിയിൽ തൃശൂർ പൂരം പ്രമേയമാക്കി ഉയർന്ന ടിഫോയിൽ 11 ഗജവീരൻമാരുടെ അകമ്പടിയോടെ ബ്ലാസ്റ്റേഴ്സിന്റെ തിടമ്പ് എഴുന്നള്ളിച്ചാണു മഞ്ഞപ്പട മൈതാനത്തെ ഉണർത്തിയത്.
നൂറുകണക്കിനു വർണക്കുടകൾ ഉയർത്തി കുടമാറ്റവും സൃഷ്ടിച്ച ആരാധകർ ബദ്ധവൈരികളായ ബെംഗളൂരു എഫ്സിക്കായി ഒരു സന്ദേശവും കരുതി – വെൽകം ടു ദ് ഹെൽ! ആ വാചകം അക്ഷരാർഥത്തിൽ പിന്നാലെ കളത്തിൽ തെളിഞ്ഞു!
English Summary: Kerala Blasters Fans Celebrates First Match win in ISL Season