ബ്ലാസ്റ്റേഴ്സിന്റെ ജയത്തിൽ ഹീറോയായി ലൂണ, വില്ലൻ സന്ധു

Mail This Article
കൊച്ചി ∙ കൊടുത്താൽ കൊച്ചിയിലും കിട്ടും – പോയ സീസണിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തല കുനിച്ചു മടങ്ങേണ്ടിവന്നതിനു കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് എണ്ണിയെണ്ണി പ്രതികാരം ചെയ്യുമ്പോൾ ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയൻ ലൂണയും ബെംഗളൂരു നായകൻ കൂടിയായ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും ഇങ്ങനെയൊരു വാചകമാകും ഓർത്തിട്ടുണ്ടാവുക.
അന്നത്തെ പ്ലേഓഫ് മത്സരത്തിന് ഐഎസ്എൽ ഫുട്ബോളിലെ അടുത്ത നേർക്കുനേർ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് കണക്കുതീർക്കുമ്പോൾ കണക്കാകെ തെറ്റിയ വില്ലന്റെ റോളിലാണ് ഇന്ത്യൻ ഗോളി കൂടിയായ ബെംഗളൂരുവിന്റെ ഗുർപ്രീത്. ലൂണയാകട്ടെ സൂപ്പർ ഹീറോയും. വുക്കൊമനോവിച്ച് ഇല്ലാത്ത ബ്ലാസ്റ്റേഴ്സ് സുനിൽ ഛേത്രിയില്ലാത്ത ബെംഗളൂരുവിനെ വീഴ്ത്തി പക വീട്ടുമ്പോൾ കാവ്യനീതിയെന്നു കരുതുന്നുണ്ടാകും ആരാധകർ.
ബെംഗളൂരു വഴങ്ങിയ രണ്ടു ഗോളുകൾക്കും കാരണം ഗുർപ്രീതിന്റെ പിഴവാണ്. 52–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം തടയുന്നതിനിടെ സംഭവിച്ച ‘അൺഫോഴ്സ്ഡ് എറർ’ എന്നു പറയാവുന്ന പിഴവാണു കോർണറിനു വഴിയൊരുക്കിയത്. വലതു മൂലയിൽനിന്ന് അഡ്രിയൻ ലൂണ എടുത്ത കൃത്യതയുള്ള കിക്കിൽ ഗോളിക്കും ഡിഫൻഡർമാർക്കും ഒരുപോലെ പിഴച്ചു.
സെൽഫ് ഗോളടിച്ചു കെസിയ വീൻഡ്രോപ്പാണു പ്രതിയായതെങ്കിലും ‘മുഖ്യപ്രതി’ സന്ധുവാണ്. ഇത്രയും പരിചയസമ്പത്തുള്ളൊരു ഗോൾകീപ്പറിൽ നിന്നുണ്ടാകാത്ത പിഴവാണു ബ്ലാസ്റ്റേഴ്സിനു ലീഡൊരുക്കിയത്. 69–ാം മിനിറ്റിൽ രണ്ടാമത്തെ പിഴവ്. പന്തിനു നേർക്കെത്തിയ ഗുർപ്രീതിന്റെ ഫസ്റ്റ് ടച്ച് പിഴച്ചു. വഴുതി മാറിയ പന്തു പിടിച്ചെടുത്ത ബ്ലാസ്റ്റേഴ്സ് നായകൻ ലൂണ അനായാസം സ്കോർ ചെയ്തു.
English Summary : Kerala Blasters vs Bengaluru football match analysis