കുട്ടികൾക്ക് കൂടുതൽ അവസരം നൽകണം: ദതുക് സെരി വിൻഡ്സർ ജോൺ

Mail This Article
കൊച്ചി ∙ ‘‘മത്സരങ്ങളാണ് ഏതൊരു കായിക സംഘടനയുടെയും ഹൃദയമിടിപ്പ്! കൊച്ചു കുട്ടികൾക്കു കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകണം. ഒരു കായികതാരത്തിന്റെ വളർച്ചയുടെ വഴിയാണത്’’ – ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ജനറൽ സെക്രട്ടറി ദതുക് സെരി വിൻഡ്സർ ജോൺ പറഞ്ഞു. ഏഷ്യയിലെ ഫുട്ബോൾ ഭരണാധികാരികളിൽ അഗ്രഗണ്യനായ അദ്ദേഹത്തിന്റെ പേരിനൊപ്പൊപ്പമുള്ള ‘ദതുക് സെരി’ മലേഷ്യയിലെ രാജാവ് സമ്മാനിച്ച ആദര വിശേഷണം; ‘സർ’ ബഹുമതി പോലെ. കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) നടപ്പാക്കുന്ന ‘കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ട്’ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു വിൻഡ്സർ ജോൺ.
‘മികച്ച പരിശീലകരാണു മികച്ച താരങ്ങളെ സൃഷ്ടിക്കുന്നത്. ഒരു താരം അയാളുടെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുന്നു എന്ന് ഉറപ്പാക്കാൻ കഴിയുന്നതു പരിശീലകർക്കാണ്. ഒരു താരം നേട്ടങ്ങളിലെത്തുമ്പോൾ പരിശീലകരും ആഘോഷിക്കപ്പെടണം. അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക കാര്യങ്ങളിലുമൊക്കെ ഫുട്ബോളിൽ വളരെ വേഗത്തിൽ മാറ്റം വരുന്നു. പരിശീലകർ അത്തരം മാറ്റങ്ങളെപ്പറ്റി മനസ്സിലാക്കണം. സാങ്കേതിക അറിവുകൾ വർധിപ്പിക്കണം. ഫുട്ബോൾ കേരളത്തിലെ ഒന്നാം നമ്പർ കായിക വിനോദമാണ്. ഭാവിയിൽ ഇന്ത്യയിലും ഫുട്ബോൾ ഒന്നാമതെത്തുമെന്ന് ഉറപ്പാണ്. – വിൻഡ്സർ ജോൺ പറഞ്ഞു.
കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകാൻ കെഎഫ്എ പദ്ധതി
താഴെത്തലം മുതൽ ഫുട്ബോളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു കേരള ഫുട്ബോൾ അസോസിയേഷൻ ‘കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ട്’ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി കൊച്ചു കുട്ടികൾക്കു മുതൽ യുവാക്കൾക്കു വരെ തുടർച്ചയായ മത്സര അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ ഒരു വർഷത്തിനകം 2500ലേറെ മത്സരങ്ങൾ സംഘടിപ്പിക്കും.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ‘വിഷൻ 2047ന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ 14 ജില്ലകളെയും ക്ലബുകളെയും അക്കാദമികളെയും ഉൾപ്പെടുത്തി നവംബർ ഒന്ന് മുതൽ തുടർച്ചയായ മത്സരങ്ങളാണു ലക്ഷ്യം. 13 മുതൽ 19 വയസ്സ് വരെയുള്ള കളിക്കാർക്കായാണു മത്സരങ്ങൾ. ഇങ്ങനെ കണ്ടെത്തുന്ന മികച്ച കളിക്കാർക്കു 4 റസിഡൻഷ്യൽ അക്കാദമികളിലൂടെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലനവും നൽകും.
കേരള യൂത്ത് ഡവലപ്‌മെന്റ് പ്രൊജക്ട് ഉദ്ഘാടനവും ചാക്കോളാസ് ഗോൾഡ് ട്രോഫി പകർപ്പ് അവതരണവും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ദതുക് സെരി വിൻഡ്സർ ജോൺ നിർവഹിച്ചു. മന്ത്രി വി.അബ്ദുറഹിമാൻ പ്രോജക്ടിന്റെ ലോഗോയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ ബ്രോഷറും പ്രകാശനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരും പാലക്കാട്, എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമാരുമായ ഷാഫി പറമ്പിൽ, പി.വി.ശ്രീനിജൻ, കെഎഫ്എ ട്രഷറർ റജിനോൾഡ് വർഗീസ്, ജനറൽ സെക്രട്ടറി പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
135 പവന്റെ ചാക്കോളാസ് ഗോൾഡ് ട്രോഫി
നിലച്ചുപോയ വിഖ്യാതമായ ചാക്കോളാസ് ടൂർണമെന്റ് മറ്റൊരു രൂപത്തിൽ തിരിച്ചു കൊണ്ടുവരും. 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി ‘ബ്ലൂ കബ്‌സ്’ എന്നപേരിൽ നടത്തുന്ന ബേബി ലീഗ് മത്സരങ്ങളിലെ വിജയികൾക്കാണു ചാക്കോളാസ് ഗോൾഡ് എവർ റോളിങ് ട്രോഫി സമ്മാനിക്കുക. ബേബി ലീഗിൽ 14 ജില്ലകളിലായി 1750 ലേറെ മത്സരങ്ങൾ നടത്തും. തനി പൊന്നിൽ നിർമിച്ച 135 പവനുള്ള ട്രോഫി അവസാനമായി നൽകിയത് 1984 ലാണ്. അതിനുശേഷം ടൂർണമെന്റ് മുടങ്ങിപ്പോയി. ട്രോഫി ഇപ്പോൾ ചാക്കോള കുടുംബം ലോക്കറിൽ സൂക്ഷിച്ചരിക്കുകയാണ്.
English Summary: Kerala Youth Development Project inauguration