വേണ്ടായിരുന്നു,പെരേര..! വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ച് ഹോർഹെ ഡയസ്

Mail This Article
മുംബൈ ∙ ഹോർഹെ പെരേര ഡയസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ തീർത്തു. ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം മുംബൈയ്ക്കു വേണ്ടി ലക്ഷ്യം കണ്ട ഐഎസ്എൽ മത്സരത്തിൽ കേരള ക്ലബ്ബിന്റെ പരാജയം 2–1ന്. ആദ്യ പകുതിയുടെ അധികസമയത്ത് ഡയസാണ് മുംബൈയെ മുന്നിലെത്തിച്ചത്. 57–ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. എന്നാൽ 66–ാം മിനിറ്റിൽ അപൂയ മുംബൈയുടെ വിജയഗോൾ നേടി.
കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പെരേര ഡയസ് മുംബൈയ്ക്കായി ഗോൾ നേടിയിരുന്നു. അർജന്റീനക്കാരനായ ഡയസ് മുംബെയിലെത്തും മുൻപ് 2021–22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു. ഈ സീസണിലെ 3 കളികളിൽ മുപ്പത്തിമൂന്നുകാരൻ ഡയസിന്റെ 4–ാം ഗോളാണിത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വിശിഷ്ടാതിഥിയായി മത്സരം കാണാനെത്തിയിരുന്നു.
ലീഡില്ലാതെ ഇരുടീമുകളും ഇടവേളയ്ക്കു പിരിയും എന്നു കരുതിയിരിക്കവെയായിരുന്നു ഡയസിന്റെ ഗോൾ. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കയ്യിൽ നിന്നു വഴുതിയ പന്തിനെ ഗോളിലേക്കു തട്ടിയിട്ട ഡയസിനെ തടയാൻ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രീതം കോട്ടാലിനായില്ല. പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് 57–ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന്റെ ഹെഡറിലാണ് ഒപ്പമെത്തിയത്. എന്നാൽ മറ്റൊരു ഹെഡറിൽ തന്നെ ബ്ലാസ്റ്റേഴ്സ് വീണു.
66–ാം മിനിറ്റിൽ, അപൂയ എന്നറിയപ്പെടുന്ന ലാലെങ്മാവിയ റാൽട്ടെയുടെ ഗോൾ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനായില്ല. 15 മിനിറ്റു നീണ്ട ഇൻജറി ടൈമിന്റെ അവസാനം ബ്ലാസ്റ്റേഴ്സ് താരം മിലോസ് ഡ്രിൻസിച്ചും മുംബൈ താരം യോയൽ വാൻ നീഫും ചുവപ്പുകാർഡ് കണ്ട് പുറത്തായി.
Mumbai City FC beat Kerala Blasters in ISL