ഇതാണ് ശരിയായ സമയം, 32-ാം വയസ്സിൽ കളി മതിയാക്കി ഏഡൻ ഹസാഡ്

Mail This Article
ബ്രസ്സൽസ്∙ ബൽജിയം ഫുട്ബോൾ താരം ഏഡൻ ഹസാഡ് വിരമിച്ചു. 32–ാം വയസ്സിലാണ് ചെൽസിയുടേയും റയൽ മഡ്രിഡിന്റെയും മുൻ താരമായ ഹസാഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയർ അവസാനിപ്പിക്കാൻ ശരിയായ സമയം ഇതാണെന്നു കരുതുന്നതായി ഹസാഡ് ഇന്‍സ്റ്റഗ്രാമിൽ പ്രതികരിച്ചു. റയൽ മഡ്രിഡ് വിട്ട ശേഷം താരം ഫ്രീ ഏജന്റായി തുടരുകയായിരുന്നു.
‘‘സ്വയം കേൾക്കുകയും കൃത്യസമയത്ത് നിർത്തുകയും ചെയ്യണം. 16 വർഷത്തിനും 700 മത്സരങ്ങൾക്കും ശേഷം പ്രഫഷനൽ ഫുട്ബോൾ താരമെന്ന നിലയിൽ എന്റെ കരിയർ അവസാനിപ്പിക്കുകയാണ്. കരിയറിൽ മികച്ച മാനേജർമാരുടെയും പരിശീലകരുടെയും താരങ്ങളുടെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചു. എല്ലാവരെയും ഞാൻ മിസ് ചെയ്യും. ഞാൻ കളിച്ചിട്ടുള്ള ടീമുകളോടെല്ലാം നന്ദി അറിയിക്കുന്നു.’’– ഹസാഡ് വ്യക്തമാക്കി.
നാലു വര്‍ഷം മുൻപ് ചെല്‍സി വിട്ട് റയലിൽ ചേർന്ന ഹസാഡിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ചെൽസിയിൽ 352 മത്സരങ്ങളിൽനിന്ന് 110 ഗോളുകൾ നേടിയിട്ടുണ്ട്. ഫുട്ബോൾ കളി നിർത്തിയെങ്കിലും ഹസാഡ് ഉപദേശകന്റെ റോളിലോ, പരിശീലകനായോ ഏതെങ്കിലും ക്ലബ്ബിൽ ചേരുമോയെന്നു വ്യക്തമല്ല. കഴിഞ്ഞ വർഷം ഹസാഡ് രാജ്യാന്തര ഫുട്ബോൾ മതിയാക്കിയിരുന്നു.