കേരളവും സിക്സറടിച്ചു!
Mail This Article
മഡ്ഗാവ് (ഗോവ)∙ ഏകദിന ലോകകപ്പിൽ മാത്രമല്ല, സന്തോഷ് ട്രോഫി ഫുട്ബോളിലും സിക്സർ! പ്രാഥമിക റൗണ്ടിലെ 2–ാം മത്സരത്തിൽ കേരളത്തിന്റെ ചുണക്കുട്ടികളാണ് ജമ്മു കശ്മീരിനെതിരെ 6 ഗോളടിച്ച് സിക്സർ ആഘോഷിച്ചത്. ഇന്നലെ രാവിലെ ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തു നടന്ന മത്സരത്തിൽ കേരളം 6–1നു ജമ്മു കശ്മീരിനെ തോൽപിച്ചു. ആദ്യമത്സരത്തിൽ ഗുജറാത്തിനെ 3–0ന് തോൽപിച്ച കേരളം ഇത്തവണ ഗോൾ നേട്ടം ഇരട്ടിയാക്കി.
8–ാം മിനിറ്റിൽ കേരളം ജിതിൻ ഗോപാലകൃഷ്ണനിലൂടെ ഗോൾ അക്കൗണ്ട് തുറന്നു. ജിതിൻ തന്നെ 55–ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. ഇ.സജീഷ് 14–ാം മിനിറ്റിലും മുഹമ്മദ് ആഷിഖ് ഷൗക്കത്തലി ആദ്യപകുതിയുടെ ഇൻജറി ടൈമിലും ഗോൾ നേടി. പകരക്കാരായി ഇറങ്ങിയ കെ.അബ്ദുറഹീം (67–ാം മിനിറ്റ്), ഇ.റിസ്വാൻ അലി (74) എന്നിവർകൂടി സ്കോർ ചെയ്തതോടെ കേരളം ഗോൾ നേട്ടം ആറാക്കി.