സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളം – ഗോവ

Mail This Article
മഡ്ഗാവ് (ഗോവ)∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ ആതിഥേയരും കരുത്തരുമായ ഗോവയ്ക്കെതിരെ കേരളം ഇന്നു നേരങ്കത്തിന്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ വൈകിട്ട് നാലിനാണ് ഗോവയ്ക്കെതിരായ കേരളത്തിന്റെ പോരാട്ടം. ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനമാണ് വേദി.
ഗോവയ്ക്കെതിരെ സമനില മതി കേരളത്തിനു ഗ്രൂപ്പ് ചാംപ്യന്മാരായി സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനു യോഗ്യത നേടാൻ. കളിച്ച 3 മത്സരങ്ങളും ജയിച്ച കേരളത്തിനു നിലവിൽ 9 പോയിന്റുണ്ട്. രണ്ടു വിജയവും ഒരു സമനിലയുമായി 7 പോയിന്റാണ് ഗോവയ്ക്ക്.
ഗോൾ ശരാശരിയിലും കേരളമാണ് ഗോവയെക്കാൾ മുന്നിൽ. മൂന്നു മത്സരങ്ങളിൽ 12 ഗോൾ നേടിയപ്പോൾ കേരളം വഴങ്ങിയത് ഒരു ഗോൾ മാത്രം. 3 മത്സരങ്ങളിൽ ഗോവ നേടിയത് 4 ഗോൾ. വഴങ്ങിയത് 2 എണ്ണം.
ആറ് ഗ്രൂപ്പുകളിലായി നടക്കുന്ന സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിൽനിന്ന് ഗ്രൂപ്പ് ചാംപ്യന്മാരായ 6 ടീമുകളും മികച്ച 3 രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിനു യോഗ്യത നേടും. ഇവരെക്കൂടാതെ കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി ജേതാക്കളായ കർണാടക, രണ്ടാം സ്ഥാനക്കാരായ മേഘാലയ, ഫൈനൽ റൗണ്ടിന് ആതിഥേയത്വം വഹിക്കുന്ന അരുണാചൽപ്രദേശ് എന്നീ ടീമുകളുമാണ് ഫൈനൽ റൗണ്ടിലുണ്ടായിരിക്കുക. ഫൈനൽ റൗണ്ടിനു ഡിസംബറിൽ തുടക്കമാകും.