ബോബിയുടെ ഓർമയിൽ ഇംഗ്ലിഷ് ഫുട്ബോൾ

Mail This Article
ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയത് സ്കോട്ട് മക്ടോമിനായിയും ഡിയേഗോ ദാലോത്തും; പക്ഷേ ഷെഫീൽഡിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിലുടനീളം ആരവം മുഴങ്ങിയത് മറ്റൊരാൾക്കു വേണ്ടിയാണ്– കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസതാരം ബോബി ചാൾട്ടനു വേണ്ടി. ക്ലബ്ബിന്റെ ത്രിമൂർത്തികളിൽ (ജോർജ് ബെസ്റ്റ്, ഡെനിസ് ലോ, ബോബി ചാൾട്ടൻ) ഒരാളായ ചാൾട്ടന്റെ ഓർമകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഷെഫീൽഡ് യുണൈറ്റഡിനെതിരെ ജയം (2–1). ഷെഫീൽഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയശിൽപികളിലൊരാൾ കൂടിയായ ചാൾട്ടന് ആദരമർപ്പിച്ചാണ് തുടങ്ങിയത്. യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് സെന്റർ സർക്കിളിൽ ചാൾട്ടന് ആദരമർപ്പിച്ചു റീത്ത് സമർപ്പിച്ചു.
ജയത്തോടെ യുണൈറ്റഡ് നില മെച്ചപ്പെടുത്തി പോയിന്റ് പട്ടികയിൽ 8–ാം സ്ഥാനത്തെത്തി. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ബ്രൈട്ടനെ 2–1നു തോൽപിച്ചു. യൂലിയൻ അൽവാരസ് (7–ാം മിനിറ്റ്), എർലിങ് ഹാളണ്ട് (19) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ലീഗിൽ തുടർച്ചയായ 2 തോൽവികൾക്കു ശേഷമാണ് സിറ്റിയുടെ ജയം. ചെൽസിയെ 2–2 സമനിലയിൽ പിടിച്ച ആർസനലിനും 21 പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ സിറ്റിയാണ് മുന്നിൽ. എവേ മൈതാനത്ത് 0–2നു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ചെൽസി സമനില പിടിച്ചത്. കോൾ പാമറും (15–ാം മിനിറ്റ്, പെനൽറ്റി) മിഖെയ്‌ലോ മുദ്രിക്കും (48) ചെൽസിയെ മുന്നിലെത്തിച്ചു. ഡെക്ലാൻ റൈസ് (77), ലിയാൻഡ്രോ ട്രൊസാർഡ് (84) എന്നിവരുടെ ഗോളിൽ ആർസനൽ തിരിച്ചടിച്ചു. കളിയുടെ അവസാനം സൂപ്പർ താരം മുഹമ്മദ് സലാ നേടിയ 2 ഗോളുകളിൽ (75–ാം മിനിറ്റ്, പെനൽറ്റി, 90+7) ലിവർപൂൾ 2–0ന് എവർട്ടനെ തോൽപിച്ചു. സിറ്റിക്കും ആർസനലിനും ഒരു പോയിന്റ് പിന്നിലായി മൂന്നാമതാണ് ലിവർപൂൾ.