മെസ്സി കളിച്ചിട്ടും മയാമി വീണ്ടും തോറ്റു!

Mail This Article
ന്യൂയോർക്ക് ∙ യുഎസ് മേജർ സോക്കർ ലീഗ് ഫുട്ബോളിൽ ഈ സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് 1–0 തോൽവി. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലെ ആർട്ടിഫിഷ്യൽ ടർഫിലായിരുന്നു മെസ്സി 90 മിനിറ്റും കളിച്ച മത്സരം.
മയാമിക്കെതിരായ ജയത്തോടെ ഷാർലോറ്റ് എഫ്സി പ്ലേ ഓഫിനു യോഗ്യത നേടി. പ്ലേ ഓഫിൽനിന്നു നേരത്തേ പുറത്തായ ഇന്റർ മയാമിക്കു മത്സരഫലം അപ്രസക്തമായിരുന്നു. ഷാർലോറ്റിന്റെ ഹോംഗ്രൗണ്ടിൽ മെസ്സിയുടെ കളി കാണാൻ 66,101 പേരാണ് എത്തിയത്. മത്സരത്തിൽ 49–ാം മിനിറ്റിൽ മെസ്സി പന്തു വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 62–ാം മിനിറ്റിലെ ഷോട്ട് ക്രോസ് ബാറിലിടിച്ചു തെറിക്കുകയും ചെയ്തു.
കഴിഞ്ഞ 6 മത്സരങ്ങളിൽ ജയിക്കാൻ മയാമിക്കു കഴിഞ്ഞിട്ടില്ല. നവംബർ 5, 8 തീയതികളിൽ നടക്കുന്ന ഇന്റർ മയാമിയുടെ ചൈന പര്യടനത്തിൽ മെസ്സി പങ്കെടുക്കുമെന്നാണ് കരുതുന്നത്.