സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്: കേരളത്തിനു സാധ്യത

Mail This Article
മലപ്പുറം∙ കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെത്താൻ സാധ്യത. പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾ ഇന്നലെ പൂർത്തിയായതോടെയാണ് ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കേരളത്തിനു ഫൈനൽ റൗണ്ടിലേക്ക് വഴി തെളിയുന്നത്. 6 ഗ്രൂപ്പുകളിലായി നടന്ന പ്രാഥമിക റൗണ്ടിൽനിന്നു ഗ്രൂപ്പ് ചാംപ്യന്മാർക്കു പുറമേ മികച്ച 3 രണ്ടാം സ്ഥാനക്കാർക്കും ഫൈനൽ റൗണ്ടിലേക്കു പ്രവേശനം ലഭിക്കും. മികച്ച 3 രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കേരളവും ഉൾപ്പെടാനാണു സാധ്യത.
മികച്ച രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ തുല്യപോയിന്റുമായി കേരളം, ഉത്തർപ്രദേശ്, റെയിൽവേസ്, മിസോറം തുടങ്ങിയ നാലു ടീമുകളാണുള്ളത്. ഇതിൽത്തന്നെ ഗോൾ ശരാശരിയിൽ നോക്കിയാൽ കേരളം, റെയിൽവേസ്, മിസോറം എന്നിവ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടും. എന്നാൽ ഇക്കാര്യത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
ഗോവ, ഡൽഹി, മണിപ്പുർ, അസം, സർവീസസ്, മഹാരാഷ്ട്ര എന്നിവയാണ് ഗ്രൂപ്പ് ചാംപ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയ ടീമുകൾ. ഇവരെക്കൂടാതെ കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി ജേതാക്കളായ കർണാടക, രണ്ടാം സ്ഥാനക്കാരായ മേഘാലയ, ആതിഥേയരായ അരുണാചൽപ്രദേശ് എന്നിവയും ഫൈനൽസ് കളിക്കും. ഡിസംബറിലായിരിക്കും മത്സരങ്ങൾ.
നിലവിൽ ദേശീയ ഗെയിംസ് ഒരുക്കങ്ങളുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് കേരള ഫുട്ബോൾ ടീം. മേഘാലയ, മഹാരാഷ്ട്ര, മണിപ്പുർ എന്നീ ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പിലാണ് ദേശീയ ഗെയിംസിൽ കേരളം. ഗോവ ഫറ്റോർഡ പിഎൻജി സ്റ്റേഡിയത്തിൽ 31ന് രാവിലെ 9ന് മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ ആദ്യമത്സരം.