ADVERTISEMENT

കൊച്ചി ∙ 238 ദിവസവും 10 മത്സരവും; മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച് ഡഗ് ഔട്ടിൽ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് പിന്നിട്ട കാലം! 10 മത്സര വിലക്കിന്റെ കഠിനകാലം പിന്നിട്ട് ‘ആശാൻ’ നാളെ മടങ്ങിയെത്തും; ആരാധക ലക്ഷങ്ങളുടെ ആരവങ്ങളുടെ നടുവിലേക്ക്. നാളെ കൊച്ചിയിൽ ഒഡീഷ എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം കോച്ച് വുക്കോമനോവിച്ചിന്റെ സാന്നിധ്യം തന്നെയാകും.

പ്രതിസന്ധിക്കാലം

ഈ വർഷം മാർച്ച് 3 ന് ഐഎസ്എൽ 9 –ാം സീസൺ പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു ടീമിനെ കളത്തിൽ നിന്നു പിൻവലിച്ചതിനാണ് വുക്കോമനോവിച്ചിനു 10 മത്സര വിലക്കു വന്നത്; 5 ലക്ഷം രൂപ പിഴയും. മാർച്ച് 3നും ഒക്ടോബർ 27നും ഇടയിൽ വുക്കോമനോവിച്ച് ഇല്ലാതെ ടീം കളിച്ചത് 10 മത്സരങ്ങൾ. സൂപ്പർ കപ്പിലും ഡ്യുറാൻഡ് കപ്പിലും 3 വീതം. ഐഎസ്എൽ പുതിയ സീസണിൽ 4 മത്സരങ്ങളും. സൂപ്പർ കപ്പും ഡ്യുറാൻഡും ടീമിനു നൽകിയതു നിരാശയാണെങ്കിൽ ഐഎസ്എലിൽ തുടക്കം മികച്ചതായി. തുടരെ 2 ജയം, പിന്നാലെ തോൽവിയും സമനിലയും. അതിലേറെ, സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചിനും റൈറ്റ് ബാക്ക് പ്രബീർ ദാസിനും നേരിട്ട 3 മത്സര വിലക്കാണു വലിയ പ്രതിസന്ധി. മറ്റൊരു സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്, ലെഫ്റ്റ് ബാക്ക് ഐബൻഭ ദോലിങ്, മിഡ്ഫീൽഡർ ജീക്സൺ സിങ് എന്നിവരുടെ പരുക്കാണു മറ്റൊരു കീറാമുട്ടി.

ആശാനെ സ്വീകരിക്കാൻ ഒരുക്കത്തോടെ മഞ്ഞപ്പട

ആശാന്റെ വരവ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട. 27 നു കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറി പൂർണമായും വ്യാപിക്കുന്ന കൂറ്റൻ ‘ടിഫോ’ വിരിച്ചാണ് അവർ കോച്ചിനെ വരവേൽക്കുക. വ്യത്യസ്തമായ മൊസെയ്ക് അവതരണവും ഗാലറികളിൽ മഴവില്ലഴക് തീർക്കുമെന്നാണു മഞ്ഞപ്പടയുടെ വാഗ്ദാനം.

English Summary:

Blasters coach Ivan Vukomanovic to the field after the ban period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT