ഐ ലീഗ് ഫുട്ബോളിൽ ഇന്ന് രാത്രി 8ന്: ഗോകുലം – ഇന്റർ കാശി
Mail This Article
കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോൾ ആദ്യമത്സരത്തിൽ ഇന്റർ കാശി എഫ്സിയെ നേരിടാനൊരുങ്ങി ഗോകുലം കേരള എഫ്സി. രണ്ടു തവണ ഐ ലീഗ് ചാംപ്യൻമാരായിട്ടുള്ള ഗോകുലം ഇത്തവണ കിരീടം നേടി ഐഎസ്എൽ ഫുട്ബോളിലേക്കു പ്രവേശിക്കാനുള്ള പരിശ്രമത്തിലാണ്. ഇന്റർ കാശിയുടെ അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്. മത്സരം രാത്രി എട്ടിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സരം ഉദ്ഘാടനം ചെയ്യും. യൂറോ സ്പോർട്ടിൽ തൽസമയം സംപ്രേഷണം ചെയ്യും.
ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഐ ലീഗ് മത്സരത്തിൽ വിജയിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ഇന്റർ കാശി പരിശീലകൻ കാർലോസ് സാന്റാമരിനയും ക്യാപ്റ്റൻ അരിന്ദം ഭട്ടാചാര്യയും പറഞ്ഞു. പുതിയ ക്ലബ്ബാണെങ്കിലും ഇന്റർ കാശിയുമായുള്ള മത്സരം കടുപ്പമുള്ളതായിരിക്കുമെന്ന് ഗോകുലം പരിശീലകൻ ഡൊമിംഗോ ഒറാമസും ക്യാപ്റ്റൻ അലസാന്ദ്രോ സാഞ്ചസും പറഞ്ഞു. ഇന്നലെ രാത്രി ഗോകുലവും ഇന്റർ കാശിയും കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ഇന്ത്യൻ പാരാലിംപിക്സ് ഫുട്ബോൾ ക്യാപ്റ്റൻ എസ്.ആർ. വൈശാഖ് ഗോകുലം താരങ്ങൾക്കായി പന്തു കിക്കോഫ് ചെയ്തു.