‘വനവാസകാലം’ കഴിഞ്ഞു, താമസിച്ച് ഗ്രൗണ്ടിലിറങ്ങി; ഗാലറിയിൽ ആവേശത്തിരയുയർത്തി ഇവാന്റെ മാസ് എൻട്രി

Mail This Article
കൊച്ചി∙ മഴനീർത്തുള്ളികൾ മിന്നിത്തുടിക്കുന്ന പച്ചപ്പിലേക്കു പതിനായിരങ്ങൾ കണ്ണുനട്ടിരുന്നു. കലൂരിലെ കളിക്കോട്ടയിൽ മഞ്ഞയണിഞ്ഞു പോരാടുന്ന താരങ്ങളെയായിരുന്നില്ല ആ കണ്ണുകൾ കാത്തിരുന്നത്. വെള്ളക്കുപ്പായത്തിൽ കളത്തിനരികെയിരുന്നാ മഞ്ഞയെ ഉണർത്തുന്നൊരു മാന്ത്രികനു വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ കളത്തിലിറക്കത്തിനു പക്ഷേ, പതിവിലും താമസം വന്നതോടെ കാത്തിരിപ്പിനു കനമേറി.
നായകൻ അഡ്രിയൻ ലൂണയും സംഘവും വാംഅപ്പിനായി വന്നു മടങ്ങിയിട്ടും ആശാനെ കാണാതായതോടെ ആവേശത്തിനു നിരാശയുടെ നിഴലും വീണു. കഴിഞ്ഞ സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിന്നു ബ്ലാസ്റ്റേഴ്സിനെ തിരികെ വിളിച്ചതു പോലെ നാടകീയമായിരുന്നു 10 മത്സരങ്ങളുടെ വിലക്കിനു ശേഷമുള്ള ഇവാൻ റീഎൻട്രി. ഇരുടീമുകളും കളത്തിലെത്തിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ വന്നിരുന്നില്ല. ദേശീയ ഗാനത്തിനായി ‘അറ്റൻഷൻ’ ആയി നിലയുറപ്പിച്ചപ്പോഴും ഗാലറിയിലെ ശ്രദ്ധയത്രയും മൈതാന കവാടത്തിലായിരുന്നു. കിക്കോഫിനു മിനുട്ടുകൾ ബാക്കിനിൽക്കേ മഞ്ഞക്കവാടം കടന്ന് ആ വെള്ള ഷർട്ടുകാരൻ പ്രത്യക്ഷപ്പെട്ടു. 238 ദിവസം നീണ്ട ‘വനവാസം’ കഴിഞ്ഞു ഇവാൻ വുക്കോമനോവിച്ച് ഐഎസ്എലിന്റെ കളത്തിൽ.
ബ്ലാസ്റ്റേഴ്സിന്റെ മുൻ ഉടമ കൂടിയായ സച്ചിൻ തെൻഡുൽക്കറിന്റെ പേരു പതിഞ്ഞ പവിലിയനിനു മുന്നിലായി സെർബിയൻ പരിശീലകൻ നടന്നടുക്കുമ്പോൾ ‘സച്ചിൻ, സച്ചിൻ’ എന്ന വിളികൾ കേട്ടുതഴമ്പിച്ച സ്റ്റേഡിയം ‘ഇവാൻ, ഇവാൻ’ എന്ന ആരവത്തിലേക്ക്. വലതുകൈ ഉയർത്തി സ്വതസിദ്ധമായ പഞ്ച് സമ്മാനിച്ച് ഇവാൻ ആരവത്തിനു തീ കൊളുത്തി. പിന്നെ, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഊർജമുദിക്കുന്ന കിഴക്കൻ ഗാലറിയിലേക്കു നോക്കി കൈ ചൂണ്ടിയൊരു ഓർമപ്പെടുത്തൽ – ഞാൻ ഇതാ തിരികെ.
ആശാന്റെ തിരിച്ചുവരവിനു സ്വാഗതമോതി ആരാധകരുടെ പടുകൂറ്റൻ ടിഫോയും മൊസൈക്കുകളും ഈസ്റ്റ് ഗാലറിയിൽ ഉയർന്നതോടെ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സ് ആവേശത്തിന്റെ പത്താമുദയം കണ്ടു നെഹ്റു സ്റ്റേഡിയം. ചങ്ങല പൊട്ടിച്ചെറിയുന്ന രണ്ടു ആനകളുടെ അകമ്പടിയോടെ 'രാജാവ് മടങ്ങിയെത്തുന്നു ' എന്ന വരികളോടെ ആശാന്റെ മുഖം ആയിരുന്നു 6000 ചതുരശ്ര അടി വലിപ്പമുള്ള ടിഫോയിൽ ജ്വലിച്ചത്.
നേട്ടത്തിലും കോട്ടത്തിലും വീഴ്ചയിലും വാഴ്ചയിലും ഒരു കുമ്മായവരയ്ക്കപ്പുറം താങ്ങും തണലുമായി പ്രിയ പരിശീലകനുണ്ടെന്ന വിശ്വാസം പിന്നാലെ കളത്തിലും തെളിഞ്ഞു. മധ്യവും പാർശ്വവും കീഴടക്കി ബ്ലാസ്റ്റേഴ്സ് കുതിച്ചു. പക്ഷേ, ഗോൾ കുറിച്ചത് ഒഡീഷ. മൗറീഷ്യോയും ജാഹുവും നയിക്കുന്ന, സെർജിയോ ലോബെറോ എന്ന തന്ത്രജ്ഞൻ ഒരുക്കുന്ന, ആ കരുത്തിനു കീഴടങ്ങാനായിരുന്നില്ല ഇവാന്റെ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ പതിവുപോലെ ഇവാന്റെ ബ്ലാസ്റ്റേഴ്സ് വിശ്വരൂപം കാട്ടി.
ദിമി ഗോളടിച്ചു തുടങ്ങുമെന്ന ആശാന്റെ വാക്കു പാലിച്ച് ദിമിത്രിയോസിന്റെ ആദ്യ ഗോൾ. പിന്നാലെ ലൂണയുടെ മാജിക്കൽ ഗോൾ. പ്രിയപത്നിയ്ക്ക് മുൻപിൽ ഗോൾ ആഘോഷിക്കാനായി കളം വിട്ടു വിഐപി ഗാലറിയുടെ മുന്നിലെത്തിയ ലൂണയുടെ പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങളെയും നയിച്ചു പാഞ്ഞതും ആശാൻ തന്നെ. ഒടുവിൽ മഞ്ഞപ്പടയെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സ് കോട്ടയിലെ വിഖ്യാതമായ വൈക്കിങ് ക്ലാപ്. ഉശിരൻ പോരാട്ടം ജയിച്ച ക്ലാപ്. ആശാൻ നയിച്ച ക്ലാപ്. പടയാളികളെയും നയിച്ചു മൈതാനം വലംവച്ച് പടനായകൻ കളത്തിലിറക്കം ഗംഭീരമാക്കി മടങ്ങുമ്പോൾ പറയാതെ പറഞ്ഞത് ഇതാകും– ഇനിയാണ് മക്കളേ കളി!