ഗോകുലം കേരള എഫ്സി– ഇന്റർ കാശി മത്സരം സമനില (2–2)

Mail This Article
കോഴിക്കോട്∙ ആദ്യാവസാനം തീപ്പൊരി പറന്ന ഐ ലീഗ് ഫുട്ബോളിലെ ആദ്യമത്സരത്തിൽ ഗോകുലം കേരള എഫ്സിക്ക് സമനിലയോടെ തുടക്കം(2–2). ഇരു ടീമുകളും ആക്രമണ ഫുട്ബോളിലൂടെ തിളങ്ങിയ മത്സരത്തിൽ പിറന്നത് 4 ഗോളുകൾ. 2 തവണ ചാംപ്യൻമാരായ ഗോകുലം കേരള എഫ്സിയെ സമനിലയിൽ തളയ്ക്കാനായതിന്റെ ആവേശത്തിലാണ് അരങ്ങേറ്റക്കാരായ ഇന്റർ കാശി എഫ്സി.
ഗോകുലം കേരള എഫ്സിക്കു നായകൻ അലക്സ് സാഞ്ചസ് മികച്ച തുടക്കമാണ് നൽകിയത്. എട്ടാം മിനിറ്റിൽ വൈസ് ക്യാപ്റ്റൻ ശ്രീക്കുട്ടന്റെ പാസിൽ നിന്നായിരുന്നു സാഞ്ചസിന്റെ ഗോൾ. എന്നാൽ 29 –ാം മിനിറ്റിൽ എഡ്മുണ്ടോ ലാൽറിണ്ടിക്കയുടെ ഗോളിലൂടെ ഇന്റർ കാശി സമനില പിടിച്ചു.
രണ്ടാം പകുതിയിൽ കളി വരുതിയിലാക്കാൻ ശ്രമിച്ച ഗോകുലം തുടരെ ആക്രമണം അഴിച്ചുവിട്ടു. അതിനു ഫലം കിട്ടിയത് 54ാം മിനിറ്റിൽ പി.എൻ.നൗഫലിന്റെ ഗോളിലൂടെയാണ്. ഗോകുലം ജയമുറപ്പിച്ചു നിൽക്കുമ്പോഴാണ് രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ മുഹമ്മദ് ആസിഫ് ഇന്റർ കാശിയുടെ സമനില ഗോൾ നേടിയത് (2–2).