‘ബ്ലാസ്റ്റേഴ്സും കേരളവും എനിക്കു വെരി സ്പെഷൽ’: വുക്കോമനോവിച് മനസ്സു തുറക്കുന്നു

Mail This Article
കൊച്ചി ∙ ഇവാൻ വുക്കോമനോവിച്; സെർബിയക്കാരനായ കേരളീയൻ! യൂറോപ്യൻ രാജ്യമായ സെർബിയയിലേക്ക് കേരളത്തിൽനിന്നുള്ള ദൂരം 6,600 കിലോമീറ്റർ. പക്ഷേ, വുക്കോമനോവിച്ചിനും കേരളത്തിനും ഇടയിൽ ഒരു മില്ലിമീറ്ററിന്റെ പോലും അകലമില്ല. ആ ഹൃദയത്തിലാണു കേരള ബ്ലാസ്റ്റേഴ്സിനും കേരളത്തിനും സ്ഥാനം! ‘‘ അക്കാലത്തു ഞാൻ ടീം ഉടമകളോടു പറഞ്ഞു: ബ്ലാസ്റ്റേഴ്സ് വിട്ടാൽ അതിനർഥം ഞാൻ ഇന്ത്യ വിടുന്നു എന്നാണ്. മറ്റൊരു ടീമിലേക്കും പോകില്ല. ഇന്ത്യയിൽ ഞാൻ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരു ടീം ബ്ലാസ്റ്റേഴ്സാണ്. അതാണ് എന്റെ ഹൃദയം’’ – കഴിഞ്ഞ സീസണിൽ വിവാദം കത്തിയാളിയ പ്ലേ ഓഫ് മത്സര കാലത്തെക്കുറിച്ചും ടീമിനെക്കുറിച്ചും ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചും കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ അദ്ദേഹത്തിനു പറയാനേറെ; വിലക്കിനു ശേഷം ആദ്യമായി ഒരു മാധ്യമത്തിനു നൽകുന്ന കൂടിക്കാഴ്ച എന്ന മുഖവുരയോടെ...
‘‘ബ്ലാസ്റ്റേഴ്സും കേരളവും എനിക്കു നൽകുന്നതിനപ്പുറം തരാൻ മറ്റൊരു ടീമിനും കഴിയില്ല. ഒരുപക്ഷേ, കൂടുതൽ പ്രതിഫലം ലഭിച്ചേക്കാം. പക്ഷേ, ബ്ലാസ്റ്റേഴ്സും കേരളവും എനിക്കു സ്പെഷലാണ്! വിലക്കിനു ശേഷം ഞാൻ കളത്തിനരികെ തിരിച്ചെത്തിയ ദിനം ആരാധകർ നൽകിയ സ്നേഹം കണ്ണുകൾ നനച്ചു. അയാം ഗ്രേറ്റ്ഫുൾ ടു ദെം! വൈകാരികമായ സ്നേഹമാണ് എനിക്കു ബ്ലാസ്റ്റേഴ്സും ഫാൻസും സമ്മാനിക്കുന്നത്. അതു നൽകാൻ മറ്റൊരു ടീമിനും കഴിയില്ല!
ടീം നന്നായി കളിക്കുന്നു. ഞാൻ യുവതാരങ്ങളോടു പറയും: ഡോൺട് ബി ഷൈ. നിങ്ങളുടെ ‘കംഫർട് സോൺ’ വിട്ടു പുറത്തു വരിക. എങ്കിൽ മാത്രമേ നിങ്ങൾക്കു പുരോഗതിയുണ്ടാകൂ. ഹൈദരാബാദ് എഫ്സി ഒഴികെയുള്ള ടീമുകളെല്ലാം കഴിഞ്ഞ സീസണുകളെക്കാൾ മെച്ചപ്പെട്ടു.
ഇന്ത്യൻ ഫുട്ബോൾ വളരണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ വഴിയില്ല. പരിശീലന സൗകര്യങ്ങൾ, യുവനിരയെ വാർത്തെടുക്കൽ, സ്റ്റേഡിയങ്ങൾ എന്നിവ കൂടിയേ തീരൂ. റഫറിയിങ് നിലവാരം ഉയർത്താൻ സാങ്കേതികവിദ്യകളും അത്യാവശ്യം.’’