സിറ്റി വീണ്ടും ടോപ് ടീം

Mail This Article
ലണ്ടൻ ∙ ബോൺമത്തിനെ 6–1നു കീഴടക്കിയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. ഫുൾഹാമിനെതിരെ പൊരുതി നേടിയ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉലയുന്ന കപ്പലിനെ ശാന്തമാക്കിയ വാരാന്ത്യത്തിൽ മൂന്നാം സ്ഥാനക്കാരായ ആർസനലിനു തിരിച്ചടിയായി ന്യൂകാസിലിനെതിരായ 1–0 തോൽവി.
ജെറമി ഡോക്കു, ബെർണാഡോ സിൽവ (2 ഗോൾ), മനുവേൽ അകൻജി, ഫിൽ ഫോഡൻ, നേഥൻ ആകെ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ബ്രൂണോ ഫെർണാണ്ടസാണ് ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. സീസണിൽ ഇതുവരെ ഒരു കളിപോലും തോൽക്കാതെ വന്ന ആർസനലാണ് ന്യൂകാസിലിനോട് 1–0 തോൽവി വഴങ്ങിയത്. 11 കളിയിൽ 27 പോയിന്റുമായാണ് സിറ്റി ഒന്നാം സ്ഥാനത്തുള്ളത്. 26 പോയിന്റമായി രണ്ടാമതുള്ള ടോട്ടനം തിങ്കളാഴ്ച ചെൽസിയെ നേരിടുന്നുണ്ട്. ഈ കളി ടോട്ടനം ജയിച്ചാൽ സിറ്റിക്ക് ഒന്നാം സ്ഥാനം നഷ്ടമാകും.