ADVERTISEMENT

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നു മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി. വിശ്വാസവഞ്ചന ആരോപിച്ചാണു പ്രസിഡന്റ് കല്യാൺ ചൗബെയുടെ നടപടി. എന്നാൽ, വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നടപടിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പുറത്താക്കൽ ചട്ടവിരുദ്ധമാണെന്നും ഷാജി പ്രഭാകരൻ, എഐഎഫ്എഫ് ഭരണസമിതി അംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ ആരോപിച്ചു.

വിഷയം ഇന്നു ചേരുന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. ഷാജിയെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ചൊവ്വാഴ്ച രാത്രിയാണു പ്രസിഡന്റ് ഭരണസമിതി അംഗങ്ങളെ അറിയിച്ചത്. വൈസ് പ്രസിഡന്റ് എൻ.എ.ഹാരിസ്, ട്രഷറർ കിപ അജയ് എന്നിവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഡപ്യൂട്ടി സെക്രട്ടറി എം.സത്യനാരായണനാണു സെക്രട്ടറി ജനറലിന്റെ ചുമതല. 

കഴിഞ്ഞ വർഷം സെപ്റ്റംബർ മൂന്നിനാണു ഷാജി പ്രഭാകരനെ സെക്രട്ടറി ജനറലായി നിയമിച്ചത്. രാജ്യത്തെ ഫുട്ബോൾ വികസനത്തിനു വേണ്ടി ‘വിഷൻ 2047’ ഉൾപ്പെടെ പദ്ധതികൾ ആവിഷ്കരിച്ചതും ഫിഫയുടെ പിന്തുണയ്ക്കു ശ്രമങ്ങൾ ഊർജിതമാക്കിയതുമെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. എഐഎഫ്എഫിൽ കാര്യങ്ങൾ സുഖകരമല്ലെന്ന സൂചന നൽകുന്ന പോസ്റ്റ് സമൂഹമാധ്യമമായ എക്സിൽ തിങ്കളാഴ്ച ഷാജി പ്രസിദ്ധീകരിച്ചിരുന്നു.

മത്സരങ്ങളിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം എന്തുകൊണ്ട് ഏർപ്പെടുത്തുന്നില്ലെന്ന ചോദ്യത്തിന് പണമില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഷാജിയുടെ പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭരണസമിതിയിലെ പലരും എതിർപ്പ് അറിയിച്ചിരുന്നു. പ്രവർത്തനരീതികളിൽ അംഗങ്ങൾ അതൃപ്തരായിരുന്നുവെന്നു വൈസ് പ്രസിഡന്റും മലയാളിയുമായ എൻ.എ.ഹാരിസ് പ്രതികരിച്ചു.

∙ പിന്തുണച്ചും വിമർശിച്ചും നേതൃത്വം

ഫുട്ബോളിൽ നേട്ടങ്ങളുമായി രാജ്യം മുന്നേറുമ്പോഴും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതിയിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരന്റെ പുറത്താക്കൽ വ്യക്തമാക്കുന്നു.

പണം അനാവശ്യമായി ചെലവഴിച്ചുവെന്നാണ് ഷാജിക്കെതിരായ ആരോപണം. 2022 സെപ്റ്റംബറിൽ  അധികാരത്തിലെത്തുമ്പോൾ 51 കോടി രൂപയായിരുന്നു ബാങ്ക് ബാലൻസ്. കഴിഞ്ഞ മേയിൽ ഇത് 18 കോടി രൂപയായി കുറഞ്ഞു. ഇതിനിടെ, 2027ലെ എഎഫ്‌സി ചാംപ്യൻഷിപ്പിന് ആതിഥ്യം വഹിക്കാനുള്ള നീക്കത്തിൽ നിന്നു പിൻമാറിയത് ഫെഡറേഷൻ ഭരണസമിതിയോട് ആലോചിക്കാതെയാണെന്നും ആക്ഷേപമുയർന്നു.

സെക്രട്ടറി ജനറൽ തസ്തികയിൽ ഷാജി പ്രഭാകരൻ പ്രതിമാസം 12.5 ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റുന്നതിൽ ആന്ധ്ര ഫുട്ബോൾ മുൻ പ്രസിഡന്റ് ജി. കൊസരാജു പ്രതിഷേധമുയർത്തിയിരുന്നു. അതേസമയം ഭരണസമിതിയുടെ സ്ഥാപിത താൽപര്യങ്ങൾ വകവയ്ക്കാതെ ഫുട്ബോൾ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കു പണം അനുവദിച്ചതാണ് അമർഷത്തിനു കാരണമായതെന്ന് ഷാജിയെ പിന്തുണയ്ക്കുന്നവർ പറയുന്നു.

പുറത്താക്കലിന് സാധുതയില്ല: ഷാജി പ്രഭാകരൻ

ന്യൂഡൽഹി ∙ തന്നെ പുറത്താക്കിയ തീരുമാനത്തിന് എഐഎഫ്എഫ് ഭരണഘടനയുടെ സാധുതയില്ലെന്നു ഷാജി പ്രഭാകരൻ ഭരണസമിതി അംഗങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

‘എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്കു മാത്രമാണു ജനറൽ സെക്രട്ടറിയെ പിരിച്ചുവിടാനോ, നീക്കം ചെയ്യാനോ അധികാരമുള്ളത്. അതിനാൽ ഈ പിരിച്ചുവിടലിനു ഭരണഘടനാപരമായ സാധുതയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരവുമില്ല. ഈ തീരുമാനത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ഞാൻ കരുതുന്നു. എന്നാൽ, അത് എന്താണെന്നു മനസ്സിലാക്കാൻ എനിക്കു സാധിക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗം എന്ന നിലയിൽ അധ്യക്ഷനോടു ശരിയായ ചോദ്യങ്ങൾ ചോദിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. എന്റെ നല്ലതിനല്ല, ഫുട്ബോൾ എന്ന കളിയുടെ നന്മയ്ക്ക് അതാവശ്യമാണ്’ കത്തിൽ പറയുന്നു. 

English Summary:

Football Federation Secretary General Shaji Prabhakaran Removed from his Position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com