സാഞ്ചസിന് ഹാട്രിക്; രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെ 5–0ന് തകർത്ത് ഗോകുലം കേരള
Mail This Article
കോഴിക്കോട്∙ ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ ഹാട്രിക് ഗോൾ തിളക്കത്തിൽ ഗോകുലം കേരള എഫ്സിക്കു മിന്നും ജയം. ഐ ലീഗ് ഫുട്ബോളിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെ 5–0ന് ഗോകുലം നിഷ്പ്രഭരാക്കി. ഇതോടെ മുഹമ്മദൻസ് എഫ്സിയെ പിന്നിലാക്കി ഗോകുലം ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ആദ്യ ഒരു മണിക്കൂർ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഉൾപ്പെടെ 6 താരങ്ങളെ സൈഡ് ബഞ്ചിലിരുത്തിയാണ് കോച്ച് ഡൊമിംഗോ ഒറാമസ് യുവരക്തത്തെ കളത്തിലിറക്കിയത്. വൈസ് ക്യാപ്റ്റൻ വി.എസ്.ശ്രീക്കുട്ടനായിരുന്നു ഗോകുലത്തിന്റെ ക്യാപ്റ്റൻ.33ാംമിനിറ്റിൽ കൊമറോൺ ടുർസനോവിന്റെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. കളി ആദ്യപകുതി പിന്നിട്ടതോടെ പോരാട്ടച്ചൂടിലേക്ക് മൈതാനം മാറി. അറുപതാം മിനിറ്റിൽ കൊമറോൺ ടുർസനോവിനു പകരം അലക്സ് സാഞ്ചസ് കളത്തിലെത്തി. തൊട്ടടുത്ത നിമിഷം അലക്സ് തന്റെ ആദ്യഗോൾ നേടി. 69ാം മിനിറ്റിൽ ഗോളടിച്ച ശ്രീക്കുട്ടൻ കളം വിട്ടു. 74ാംമിനിറ്റിലും 88ാം മിനിറ്റിലും ഗോളടിച്ച് അലക്സ് തന്റെ പേരിൽ ലീഗിലെ ആദ്യ ഹാട്രിക് നേട്ടം കുറിച്ചിട്ടു.
ഐ ലീഗിലെ ആദ്യ മൂന്നു മത്സരം പിന്നിട്ടപ്പോൾ ഏഴു പോയിന്റാണ് ഗോകുലത്തിന്.
ഗോകുലം വനിതകൾക്ക് സമനില
കോഴിക്കോട്∙ എഎഫ്സി വിമൻസ് ക്ലബ് ചാംപ്യൻഷിപ്പിലെ ഗ്രൂപ്പ് എ രണ്ടാംമത്സരത്തിൽ ഗോകുലം കേരള വനിതാ ടീമിനു സമനില.
ബാങ്കോക്കിലെ ചോൻബുരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചൈനീസ് ടീമായ ഹുവായിയൻ എഫ്സിയെ 1–1നാണ് ഗോകുലം സമനിലയിൽ തളച്ചത്. ആദ്യാവസാനം ആക്രമിച്ചു കളിച്ച ഗോകുലത്തിനു വേണ്ടി 19–ാം മിനിറ്റിൽ സുമതി കുമാരിയാണ് ഗോൾ നേടിയത്. 42–ാം മിനിറ്റിൽ ജി എക്സ് ലിന്നാണ് ഹുവായിയൻ എഫ്സിയുടെ സമനില ഗോൾ നേടിയത്.