ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും
Mail This Article
എണ്ണമറ്റ പോരാട്ടങ്ങളുടെ വീരേതിഹാസം ഉറങ്ങുന്ന കലിംഗയുടെ മണ്ണിൽ ടീം ഇന്ത്യ ഇന്നു നേരിടുന്നതൊരു ഫുട്ബോൾ യുദ്ധം. ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതാ മൽസരങ്ങളുടെ രണ്ടാം റൗണ്ടിൽ ഗ്രൂപ്പ് എയിലെ രണ്ടാം അങ്കത്തിൽ ഇന്ത്യയുടെ എതിരാളികൾ കരുത്തരായ ഖത്തർ. വൈകിട്ട് 7 മുതൽ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്പോർട്സ് 18 ചാനലിൽ തത്സമയം.
ഖത്തർ കടുകട്ടി
ആദ്യ മൽസരത്തിൽ കുവൈത്തിനെ അന്നാട്ടിൽ വീഴ്ത്തിയ ആവേശവുമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഖത്തറിനെ നേരിടുന്നത്. പക്ഷേ, കോച്ച് ഇഗോർ സ്റ്റിമാച് നൽകുന്നതൊരു മുന്നറിയിപ്പാണ്. ‘ഗ്രൂപ്പിലെ ഏറ്റവും കടുത്ത മൽസരമായിരിക്കും ഖത്തറിനെതിരെ. നമുക്കു നഷ്ടപ്പെടാൻ ഒന്നുമില്ല. നേടാൻ ഏറെയുണ്ടു താനും’. കുവൈത്തിനെതിരെ ഗോൾ നേടിയ മൻവീർ സിങ് കോച്ചിനു നൽകുന്ന ആശ്വാസം ചെറുതല്ല. ഗോളടിക്കാൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ മാത്രം ആശ്രയിക്കുന്ന സ്ഥിതി അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകില്ല. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും കളിച്ചേക്കും.
പ്രതിരോധം പ്രധാനം
അഫ്ഗാനിസ്ഥാനെ 1-8 നു മുക്കിയാണ് ഖത്തറിന്റെ വരവ്. 4 ഗോളടിച്ച അൽമോയസ് അലിയും അത്ര തന്നെ അസിസ്റ്റുകൾ നൽകിയ ഹൊമാം അഹമ്മദും അവരുടെ ആക്രമണത്തിനു മൂർച്ച കൂട്ടുന്നു. അവരെ പിടിച്ചു കെട്ടുകയാണ് സന്ദേശ് ജിങ്കാൻ നയിക്കുന്ന പ്രതിരോധനിരയുടെ കടുത്ത വെല്ലുവിളി. ഏഷ്യൻ ചാംപ്യൻമാരായ ഖത്തർ ഫിഫ റാങ്കിങ്ങിലും ഏറെ മുന്നിലാണ്.
ഫിഫ അക്കാദമി ഉദ്ഘാടനം ഇന്ന്
ന്യൂഡൽഹി ∙ ഫിഫയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും(എഐഎഫ്എഫ്) ചേർന്നാരംഭിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ അക്കാദമി ഭുവനേശ്വറിൽ ഇന്നു പ്രവർത്തനം തുടങ്ങും. എഐഎഫ്എഫ്–ഫിഫ അക്കാദമിയുടെ ഉദ്ഘാടനം ഫിഫ ടാലന്റ് ഡവലപ്മെന്റ് സ്കീമിന്റെ(ടിഡിഎസ്) ചുമതലക്കാരനും മുൻ ആർസനൽ പരിശീലകനുമായ ആർസീൻ വെംഗർ നിർവഹിക്കും.