റോഡ്രിഗോയ്ക്കു നേരേ വംശീയാധിക്ഷേപം
Mail This Article
റിയോ ഡി ജനീറോ ∙ കാണികളും പൊലീസും ഏറ്റുമുട്ടിയ ബ്രസീൽ – അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിനു പിന്നാലെ തനിക്കു നേരേ വംശീയാധിക്ഷേപമുണ്ടായെന്നു ബ്രസീൽ സ്ട്രൈക്കർ റോഡ്രിഗോ. അർജന്റീന സ്ട്രൈക്കർ ലയണൽ മെസ്സിയും റോഡ്രിഗോയും തമ്മിൽ ഗ്രൗണ്ടിൽ വച്ചു ചൂടേറിയ സംഭാഷണമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമൂഹമാധ്യമങ്ങളിൽ തനിക്കു നേരേ വംശീയാധിക്ഷേപ പരമ്പര തന്നെയുണ്ടായതെന്നു റോഡ്രിഗോ പറഞ്ഞു.
കാണികളും പൊലീസുമായുണ്ടായ ഏറ്റുമുട്ടൽ മൂലം അരമണിക്കൂറോളം വൈകി തുടങ്ങിയ മത്സരത്തിൽ അർജന്റീന 1–0ന് ബ്രസീലിനെ തോൽപിച്ചിരുന്നു. ‘എത്ര അവഹേളിച്ചാലും ഞങ്ങൾ തല കുനിക്കാൻ പോകുന്നില്ല. അവർ ആഗ്രഹിക്കും വിധത്തിൽ ഒതുങ്ങാനും ഉദ്ദേശിക്കുന്നില്ല’– റോഡ്രിഗോ പ്രസ്താവിച്ചു. പരുക്കുമൂലം അർജന്റീനയ്ക്കെതിരായ മത്സരത്തിന് ഇറങ്ങാൻ പറ്റാതിരുന്ന വിനീസ്യൂസ് ജൂനിയറും റോഡ്രിഗോയെ പിന്തുണച്ചു രംഗത്തെത്തി.