മിലോസ് ഡ്രിങ്കിച്ചിന്റെ രാജകീയ തിരിച്ചുവരവ്, ബ്ലാസ്റ്റേഴ്സ് ഒന്നാന്തരം!
Mail This Article
കൊച്ചി ∙ മിലോസ് ഡ്രിൻസിച്; എന്തൊരു രാജകീയ തിരിച്ചുവരവായിരുന്നു അത്! വിലക്കിനു ശേഷം തിരിച്ചെത്തിയ സെന്റർ ബാക്ക് ഡ്രിൻസിച്ചിന്റെ ഏക ഗോളിൽ (41–ാം മിനിറ്റ്) ഹൈദരാബാദ് എഫ്സിക്കെതിരെ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു വിജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്കു കയറി. 7 കളികളിൽ 16 പോയിന്റ്. 29നു കൊച്ചിയിൽ ചെന്നൈയിൻ എഫ്സിയാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ. ഏറ്റുമുട്ടിയപ്പോഴൊക്കെ ജയമോ തോൽവിയോ കണ്ട ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഇന്നലെയും സമനിലയ്ക്കു വഴങ്ങിയില്ല. ഈ ജയത്തോടെ നേർക്കുനേർ പോരാട്ടങ്ങളിലെ വിജയക്കണക്കിൽ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് ഒപ്പമെത്തി; 5–5.
വെൽകം ബാക്ക്
3 മത്സര വിലക്കിനു ശേഷമെത്തിയ ഡ്രിൻസിച് തിരിച്ചുവരവ് അക്ഷരാർഥത്തിൽ ആഘോഷമാക്കിയതു വിജയ ഗോളിലൂടെ. കോർണർ കിക്കിൽ നിന്നു പല കാലുകൾ മാറിയെത്തിയ പന്തു സ്വീകരിച്ച ലൂണയുടെ മനോഹരമായ ക്രോസിൽ ഒന്നു കാൽ തൊടുകയേ വേണ്ടിയിരുന്നുള്ളൂ ഡ്രിൻസിച്ചിന്. മോണ്ടിനെഗ്രോ താരത്തിന് രണ്ടാം ഗോൾ നഷ്ടമായതു തലനാരിഴയ്ക്ക്. 52 –ാം മിനിറ്റിൽ ലൂണയുടെ തന്നെ കോർണർ കിക്കിൽ ഡ്രിൻസിച്ചിന്റെ മികച്ച ഹെഡർ. ഹൈദരാബാദ് ഗോൾകീപ്പർ ഗുർമീത് സിങ് പരാജയപ്പെട്ടെങ്കിലും പോസ്റ്റ് രക്ഷിച്ചു. ലൂണയുടെ മികവു തന്നെയായിരുന്നു ഇന്നലെയും ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. എന്നാൽ 21 ദിവസത്തെ ഇടവേളയ്ക്കു ശേഷം മത്സരത്തിനിറങ്ങിയ ടീമിന്റെ ഒത്തിണക്കമില്ലായ്മ കളിയിൽ പ്രകടമായിരുന്നു.
ഓൾ ഔട്ട് അറ്റാക്ക്
4–4–2 ഫോർമേഷനിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിന്യാസം; അതു പക്ഷേ, കടലാസിൽ മാത്രം. ഗോൾകീപ്പർ സച്ചിൻ സുരേഷിനെയും ഡ്രിൻസിച്ചിനെയും ഹോർമിപാമിനെയും പ്രതിരോധച്ചുമതല ഏൽപിച്ചു പ്രീതം കൊട്ടാലും നവോച്ച സിങ്ങും കയറിക്കളിച്ചു. ഫലത്തിൽ 8 പേരുടെ സർവാക്രമണം. കോർണർ കിക്കുകളുടെ സമയത്താകട്ടെ, ഡ്രിൻസിച്ചും ഹാജർ. ഹൈദരാബാദാകട്ടെ, ആദ്യ പകുതിയിൽ ഊന്നൽ നൽകിയതു പ്രതിരോധത്തിന്. വല്ലപ്പോഴുമുള്ള കൗണ്ടർ അറ്റാക്കുകൾ അവർക്കു ഗോളിലേക്കു വഴി തുറന്നുമില്ല.കോസ്റ്ററിക്ക സ്ട്രൈക്കർ മോയ പലപ്പോഴും ഗോൾ ലക്ഷ്യം വച്ചെങ്കിലും പിഴച്ചു.
ഓ! പെപ്ര...
തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ യെലോ ആർമിയുടെ ആക്രമണം. 2–ാം മിനിറ്റ്. വലതു വിങ്ങിലൂടെ മുന്നേറിയ ഡെയ്സുകി സകായ് പ്രീതം കൊട്ടാൽ വഴി പന്തെത്തിച്ചതു ക്വാമി പെപ്രയിലേക്ക്. പക്ഷേ, പന്തു ടാപ് ചെയ്യുന്നതിൽ പെപ്രയ്ക്കു പിഴച്ചപ്പോൾ നഷ്ടമായതു മികച്ച അവസരം. ക്യാപ്റ്റൻ ലൂണയുടെ ഒരു ലോങ് റേഞ്ചർ ക്രോസ് ബാറിനു വളരെ മുകളിലൂടെ പറന്നു പോയി.
38–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നു പെപ്രയുടെ ബൈസിക്കിൾ കിക്ക്. ഗോളി ഗുർമീത് സിങ് മാത്രം മുന്നിൽ നിൽക്കെ പന്തു പോയതു പുറത്തേക്ക്. തുടർന്നായിരുന്നു ഡ്രിൻസിച്ചിന്റെ ആവേശഗോൾ.