ADVERTISEMENT

കൊച്ചി∙ കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയം ഗോൾ മഴയ്ക്കു സാക്ഷിയായ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും മൂന്നു വീതം ഗോളുകൾ നേടി. സമനിലയെങ്കിലും 17 പോയിന്റുകളുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഒന്നാമതെത്തി. 16 പോയിന്റുള്ള ഗോവയാണ് രണ്ടാമത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണിത്. മഞ്ഞപ്പടയ്ക്കായി ദിമിത്രിയോസ് ഡയമെന്റകോസ് (11–ാം മിനിറ്റിൽ പെനൽറ്റി, 60), ക്വാമെ പെപ്ര (38) എന്നിവരാണു ഗോളുകൾ നേടിയത്. ജോർദാൻ മറിയും (13 പെനൽറ്റി, 24), റഹീം അലി (1) യുമാണ് ചെന്നൈയിന്റെ ഗോൾ സ്കോറർമാർ.

ഡിസംബർ മൂന്നിന് എഫ്സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. കലൂർ സ്റ്റേഡിയത്തിൽ ഗോളടി മേളവുമായാണ് ബ്ലാസ്റ്റേഴ്സ്– ചെന്നൈയിന്‍ പോരാട്ടം തുടങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ മത്സരത്തിലെ അഞ്ചു ഗോളുകൾ പിറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ ജോർദാൻ മറി രണ്ടു ഗോളുകൾ നേടി ചെന്നൈയിനെ മുന്നിൽനിന്നു നയിച്ചപ്പോൾ ഗോളടിച്ചില്ലെന്ന പോരായ്മ തീർത്ത് ബ്ലാസ്റ്റേഴ്സിന്റെ ക്വാമെ പെപ്രയും ആദ്യ പകുതിയിൽ ലക്ഷ്യം കണ്ടു.

ആദ്യ പകുതിയിൽ തന്നെ ഗോൾ നേടാനുള്ള ഒന്നിലേറെ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരം ക്വാമെ പെപ്ര പാഴാക്കിയത്. ചെന്നൈയിൻ ആദ്യ രണ്ടു ഗോളുകൾ നേടിയ ശേഷം സച്ചിൻ സുരേഷിന്റെ പിഴവിൽ ഒരു ഗോളിന് കൂടി അവസരമുണ്ടായിരുന്നു. ചെന്നൈയിന്റെ കോര്‍ണർ കിക്കിൽ പന്തു പിടിച്ചെടുക്കാൻ സച്ചിന് സാധിച്ചിരുന്നില്ല. റീബൗണ്ടായി പന്ത് വലയില്‍ വീണെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. റഹീം അലി സച്ചിൻ സുരേഷിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിൽ റഫറി ഫൗൾ വിളിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ചെന്നൈയിൻ 3–2ന് മുന്നിലായിരുന്നു.

ആദ്യ  പകുതിയിലെ ഗോളുകൾ

ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ചെന്നൈയിൻ– കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ടാണ് ചെന്നൈയിൻ ലീഡെടുത്തത്. റാഫേൽ ക്രിവലാരോയുടെ ഫ്രീകിക്കിൽ ഗോളടിച്ചത് ഇന്ത്യൻ യുവതാരം റഹീം അലി.

11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മറുപടി- ബോക്സിനു പുറത്ത് പന്തുമായി മുന്നേറുന്നതിനിടെ ക്വാമെ പെപ്രയെ ചെന്നൈയിൻ പ്രതിരോധ താരം ഫൗൾ ചെയ്യുന്നു. ജഴ്സിയിൽ വലിച്ച് പെപ്രയെ തടയാനായിരുന്നു ശ്രമം. ബോക്സിനകത്തുവച്ച് പെപ്ര വീണതോടെ റഫറി പെനൽറ്റി അനുവദിച്ചു. കിക്കെടുത്ത ദിമിത്രിയോസ് ഡയമെന്റകോസ് ചെന്നൈയിൻ ഗോളി ദേബ്ജിത് മജുംദാറിനെ പരാജയപ്പെടുത്തി പന്തു വലയിലെത്തിച്ചു.

ചെന്നൈയിന്റെ പെനൽറ്റി ഗോൾ– ബ്ലാസ്റ്റേഴ്സിന്റെ സമനിലയ്ക്ക് ഒരു മിനിറ്റ് മാത്രമായിരുന്നു ആയുസ്സ്. ചെന്നൈയിന്റെ ബ്രസീലിയൻ ഫോർവേഡ് റാഫേൽ ക്രിവലാരോയെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയത് നവോച്ച സിങ്. പന്തു തടയുന്നതിൽ മിലോസ് ഡ്രിങ്കിച്ചും പരാജയപ്പെടുന്നു. റഫറി പെനൽറ്റി അനുവദിച്ചതോടെ കിക്ക് എടുക്കാനെത്തിയത് ചെന്നൈയിന്റെ ജോർദാൻ മറി. ഓസ്ട്രേലിയൻ താരം പന്ത് അനായാസം വലയിലെത്തിച്ചു. സ്കോർ 2–1.

മറിയുടെ രണ്ടാം ഗോൾ– ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തുള്ള ഗോളായിരുന്നു ഇത്. അതിവേഗത്തിൽ പന്തുമായി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ജോർദാൻ മറി കുതിക്കുമ്പോൾ തടയാൻ പ്രതിരോധ താരങ്ങൾ സ്ഥാനത്ത് ഉണ്ടായിരുന്നില്ല. മിലോസ് ഡ്രിങ്കിച്ചും ഹോർമിപാം റിയുവയും സമ്പൂർണമായി പരാജയപ്പെട്ടപ്പോൾ മറിയുടെ നെടുനീളൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് വലയിൽ. ഗോളി സച്ചിൻ സുരേഷ് പന്തു പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പെപ്രയുടെ ആദ്യ ഗോൾ– കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ നേടാനായില്ലെന്ന ആരാധകരുടെ പരാതി പെപ്ര തീർത്ത നിമിഷം 38–ാം മിനിറ്റ്. ചെന്നൈയിൻ ബോക്സിനു പുറത്ത് പന്തുമായി നീങ്ങിയ അഡ്രിയൻ ലൂണയുടെ ശക്തി കുറഞ്ഞ ഷോട്ട് പെപ്ര പിടിച്ചെടുക്കുന്നു. അളന്നുമുറിച്ച്, പെപ്രയെടുത്ത പവർഫുൾ ഷോട്ട് ചെന്നൈയിൻ ഗോളിക്ക് തൊടാൻ പോലുമാകാതെ വലയിലെത്തി. ചെന്നൈ 3, ബ്ലാസ്റ്റേഴ്സ് 2.

ഒറ്റ ഗോൾ വീണ രണ്ടാം പകുതി

രണ്ടാം  പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് കലൂർ സ്റ്റേഡിയം സാക്ഷിയായി. അതിന്റെ ഫലമായിരുന്നു 60–ാം മിനിറ്റിലെ ഡയമെന്റകോസിന്റെ സമനില ഗോൾ. 70–ാം മിനിറ്റിൽ ഡയമെന്റകോസും ലൂണയും ചേർന്നു നടത്തിയ തകർപ്പനൊരു നീക്കം ഫലം കാണാതെ പോയി. ഡയമെന്റകോസിന്റെ ക്രോസ് ലൂണയിലേക്ക് തട്ടി നൽകിയത് ക്വാമെ പെപ്ര. പോസ്റ്റിനു തൊട്ടുമുന്നിൽവച്ച് ചെന്നൈയിൻ പ്രതിരോധത്തെ മറികടന്നുള്ള ലൂണയുടെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. 75–ാം മിനിറ്റിൽ കോർണറിൽനിന്നു ഗോൾ നേടാനുള്ള അവസരവും ബ്ലാസ്റ്റേഴ്സിനു നഷ്ടമായി. പെപ്രയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് ഇഷാന്‍ പണ്ഡിതയെ ഗ്രൗണ്ടിൽ ഇറക്കി.

78–ാം മിനിറ്റിൽ ചെന്നൈയിന്റെ നീക്കം. അങ്കിതിന്റെ പാസിൽ ജോർദാൻ മറി ബൈസിക്കിൾ കിക്കിന് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു ഭീഷണിയാകാതെ പന്തു പുറത്തേക്കുപോയി. 80-ാം മിനിറ്റിൽ ചെന്നൈയിൻ താരം വിൻസി ബറേറ്റോയെ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സ് താരം ഐമന് മഞ്ഞ കാർഡ് ലഭിച്ചു. 82–ാം മിനിറ്റിൽ പന്തുമായി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു കുതിച്ച ചെന്നൈയിന്റെ ഇർഫാനും ലക്ഷ്യം കാണാനായില്ല.

മത്സരത്തിന്റെ 94–ാം മിനിറ്റിൽ ലീഡെടുക്കാനുള്ള സുവർണാവസരം ബ്ലാസ്റ്റേഴ്സ് താരം ഡൈസുകെ സകായ് പാഴാക്കി. മിലോസ് ഡ്രിങ്കിച്ചിന്റെ പാസ് ചെന്നൈ പോസ്റ്റിനു തൊട്ടുമുന്നിൽവച്ചാണ് സകായ്ക്കു ലഭിക്കുന്നത്. വൺ ടച്ചിൽ പന്ത് വലയിലെത്തിക്കാനുള്ള സകായുടെ ശ്രമം പിഴച്ചു. പന്ത് പോയത് പോസ്റ്റിനു വെളിയിലേക്ക്. കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ആരാധകരുടെ നിരാശ. രണ്ടാം പകുതിയിൽ ഏഴു മിനിറ്റായിരുന്നു അധികസമയം. വിജയ ഗോളിനായി അവസാന മിനിറ്റുവരെ ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

ഡയമെന്റകോസിന്റെ സമനില ഗോൾ– ആദ്യ പകുതിയിൽ പിന്നിലായിപ്പോയതിന്റെ ക്ഷീണം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് തീർത്തു. ചെന്നൈയിൻ ഗോൾ മുഖത്ത് ഡയമെന്റകോസിന് പാസ് നൽകിയത് ബ്ലാസ്റ്റേഴ്സിന്റെ കശ്മീർ താരം ഡാനിഷ് ഫറൂഖ് ആയിരുന്നു. ഡയമെന്റകോസിന്റെ പവർഫുൾ ഷോട്ട് തടയാൻ ചെന്നൈയിൻ ഗോളി ദേബ്ജിത്ത് മജുംദാർ ഉയർന്നു ചാടിയെങ്കിലും പന്ത് മനോഹരമായി വലയിലെത്തി. സ്കോർ 3–3.

English Summary:

ISL; Kerala Blasters FC vs Chennaiyin FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com