ആഹാ ആർസനൽ !: അവസാന മിനിറ്റ് ഗോളിൽ ലൂട്ടനെ തോൽപിച്ച് ആർസനൽ
Mail This Article
ലണ്ടൻ ∙ അവസാന നിമിഷങ്ങളിലെ ആർസനൽ അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല ! ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ലൂട്ടനെ 4–3ന് ആർസനൽ മറികടന്നത് കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ, മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് (90+7") നേടിയ ഗോളിൽ.
ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഗണ്ണേഴ്സ് അരക്കിട്ടുറപ്പിച്ചു. അടിയും തിരിച്ചടിയും ഇടതടവില്ലാതെ കണ്ട മത്സരത്തിൽ 20–ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനല്ലിയുടെ ഗോളിലൂടെ ആർസനലാണ് ആദ്യം ലീഡ് നേടിയത്. മിനിറ്റുകൾക്കുള്ളിൽ ഗബ്രിയേൽ ഓഷോയിലൂടെ (25) ലൂട്ടൻ തിരിച്ചടിച്ചു. 45–ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസിലൂടെ ആർസനൽ വീണ്ടും ലീഡ് നേടിയെങ്കിലും എലൈജ അഡബായോയിലൂടെ (49) ലൂട്ടൻ ഒപ്പമെത്തി. റോസ് ബാർക്‌ലിയിലൂടെ 57–ാം മിനിറ്റിൽ ലൂട്ടൻ മുന്നിലെത്തിയെങ്കിലും 60–ാം മിനിറ്റിൽ കായ് ഹാവേർട്സിലൂടെ ആർസനൽ തിരിച്ചടിച്ചു.
പിന്നീട് ഇരുടീമുകളും പോരാട്ടം കടുപ്പിച്ചെങ്കിലും ഗോൾ പിറന്നില്ല. മത്സരം സമനിലയിൽ അവസാനിക്കുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഡെക്ലാൻ റൈസിന്റെ ഹെഡർ ലൂട്ടൻ പോസ്റ്റിലേക്ക് ഇരച്ചുകയറിയത്. ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് ആർസനലിന് 36 പോയിന്റായി. 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ലിവർപൂളാണ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത്.