ADVERTISEMENT

കൊച്ചി ∙ 1973 ഡിസംബർ 27. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ പുൽനാമ്പുകൾക്കു തീപിടിച്ച ദിനം. സന്തോഷ് ട്രോഫി ഫൈനലിൽ കേരളവും ഇന്ത്യൻ റെയിൽവേസും തമ്മിൽ ഏറ്റുമുട്ടുന്നു. ഇരുടീമുകളും 2 ഗോളുകൾ അടിച്ചു സമനിലയിൽ നിൽക്കുമ്പോൾ, കളിയുടെ 70–ാം മിനിറ്റിൽ കേരള ക്യാപ്റ്റൻ മണി തൊടുത്ത ബുള്ളറ്റ് ഷോട്ട് എതിർ ഗോൾവല കുലുക്കി. മണിയുടെ ഹാട്രിക് ഗോളുകളുടെ കരുത്തിൽ കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.  

കേരള ഫുട്ബോളിന്റെ ഗതി തന്നെ മാറ്റിയെഴുതിയ, ഫുട്ബോൾ പ്രേമികൾ ഇന്നും നെഞ്ചേറ്റുന്ന ആ മിന്നും വിജയത്തിന് അരനൂറ്റാണ്ടു തികയുമ്പോൾ പ്രഥമ ജേതാക്കളുൾപ്പെടെയുള്ളവർ വീണ്ടും അതേ ജഴ്സിയണിഞ്ഞു മഹാരാജാസ് ഗ്രൗണ്ടിലെത്തുന്നു. സന്തോഷ് ട്രോഫി ഫുട്ബോൾ പ്ലെയേഴ്സ് വെൽഫെയർ അസോസിയേഷനാണ് ഇതിഹാസ സംഗമത്തിനു ചുക്കാൻ പിടിക്കുന്നത്. 

നാളെ വൈകിട്ട് 4ന് നടക്കുന്ന സുവർണജൂബിലി സംഗമത്തിൽ 1973ലെ കിരീടജേതാക്കളുൾപ്പെടെ സന്തോഷ് ട്രോഫിയിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങിയ മലയാളിതാരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കും. സന്തോഷ് ട്രോഫി മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരങ്ങളുടെ സൗഹൃദ ഫുട്ബോൾ മത്സരവും അരങ്ങേറും. 

കേരളം കിരീടം നേടിയതിന്റെ വിശേഷവുമായി  മനോരമ വാർത്ത
കേരളം കിരീടം നേടിയതിന്റെ വിശേഷവുമായി മനോരമ വാർത്ത

ഹൈബി ഈഡൻ എംപി സംഗമം ഉദ്ഘാടനം ചെയ്യും. പ്രഥമ സന്തോഷ് ട്രോഫി ജേതാക്കളുടെ കോച്ച് ഒളിംപ്യൻ സൈമൺ സുന്ദർരാജ്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 1973ലെ വിജയശിൽപി മണിയുൾപ്പെടെ 10 കളിക്കാർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ കുടുംബാംഗങ്ങൾ സംഗമത്തിനെത്തും.      

‘സന്തോഷത്തിന്റെ 50 വർഷങ്ങൾ’ ഇന്ന് മലയാള മനോരമയിൽ

കൊച്ചി ∙ സന്തോഷ് ട്രോഫിയുടെ സുവർണസ്മൃതികളുമായി 1973ലെ താരങ്ങൾ ഇന്നു മലയാള മനോരമ കൊച്ചി ഓഫിസിൽ ഒത്തുചേരും. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിക്കൊടുത്ത  സുവർണനിര ‘സന്തോഷത്തിന്റെ 50 വർഷങ്ങൾ’ പരിപാടിയിൽ പങ്കെടുക്കും. ടീമിന്റെ പരിശീലകൻ ഒളിംപ്യൻ സൈമൺ സുന്ദർരാജ്, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, മുൻ പ്രസിഡന്റ് കെ.എം.ഐ.മേത്തർ തുടങ്ങിയവർ പങ്കെടുക്കും.

English Summary:

Santosh Trophy Golden Jubilee meeting Sunday at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com