ADVERTISEMENT

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്കും പിഴയും ചുമത്തി എഐഎഫ്എഫ്. റഫറിമാരെ വിമർശിച്ചതിനാണ് ശിക്ഷ. ഒരു മത്സരത്തിൽനിന്ന് വിലക്കും 50,000 രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. ഐഎസ്എലിൽ ചെന്നൈയിൻ എഫ്‍സിക്കെതിരായ മത്സരത്തിനു ശേഷമാണ് റഫറിമാർക്കെതിരെ വുക്കൊമനോവിച്ച് വിമർശനം ഉന്നയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാർത്താ സമ്മേളനത്തിൽ വുക്കൊമനോവിച്ച് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് നടപടി.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് വുക്കൊമനോവിച്ചിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ, ഈ മാസം 14ന് പഞ്ചാബ് എഫ്‍സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. മത്സരത്തിന്റെ തലേന്നുള്ള വാർത്താ സമ്മേളനത്തിലും അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല. മാത്രമല്ല, മത്സര ദിവസം ടീമിനൊപ്പം ചേരാനുമാകില്ല.

ചെന്നൈയിൻ എഫ്‍സിക്കെതിരായ മത്സരത്തിനു ശേഷം റഫറീയിങ്ങിലെ പിഴവുകൾക്കെതിരെ വുക്കൊമനോവിച്ച് വിമർശനം ഉയർത്തിയിരുന്നു. റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരെയും ചെന്നൈയിൻ എഫ്‍സി നേടിയ രണ്ടാം ഗോൾ അനുവദിച്ചതിനെതിരെയുമാണ് വുക്കൊമനോവിച്ച് വിമർശനം ഉയർത്തിയത്. മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.

‘‘ഈ റഫറിമാരൊന്നും പ്രഫഷനലായ രീതിയിൽ മത്സരം ൈകകാര്യം ചെയ്യാൻ ശേഷിയുള്ളവരല്ല. സത്യത്തിൽ ഇതൊന്നും അവരുടെ മാത്രം പിഴവല്ല, അവരെ പരിശീലിപ്പിക്കുന്നവരുടെയും കളത്തിലിറങ്ങാൻ അവസരം നൽകുന്നവരുടെയും പിഴവാണ്. ഈ വർഷം പ്ലേ ഓഫും ട്രോഫിയുമൊന്നും തീരുമാനിക്കപ്പെടുക ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകില്ല എന്നു പറയാൻ എനിക്കു വിഷമമുണ്ട്. റഫറിമാരാകും ഇതെല്ലാം തീരുമാനിക്കുക. ഇതേക്കുറിച്ച് പറഞ്ഞുപറഞ്ഞ് ഞങ്ങൾ മടുത്തു. അവർ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം തീരുമാനങ്ങൾ കളിയുടെ സ്പിരിറ്റിനെ കൊല്ലും.’’ – വുക്കൊമനോവിച്ച് പറഞ്ഞു.

English Summary:

AIFF Hands Kerala Blasters Coach Ivan Vukomanovic One-Match Ban and Heavy Fine for Criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com