കണ്ഠീരവക്കോട്ടയിലെ ബെംഗളൂരുവിന്റെ ശ്രീ മായ്ക്കാൻ അങ്ങനെയൊന്നും പറ്റില്ല, വീണ്ടും തോൽവി (1-0)
Mail This Article
കണ്ഠീരവക്കോട്ടയിലെ ബെംഗളൂരുവിന്റെ ‘ശ്രീ’ മായ്ക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഉശിരൻ സീസണിന്റെയും ഉയർന്ന പോയിന്റിന്റെയും ആത്മവിശ്വാസത്തിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി തിളക്കമുള്ളൊരു ഗോളിൽ തട്ടിയെറിഞ്ഞു (1–0). സമനിലയിലേക്കെന്നു തോന്നിച്ച കട്ടപ്പോരാട്ടത്തിന്റെ ക്ലൈമാക്സിൽ ബെംഗളൂരു പ്ലേമേക്കർ ഹാവിയർ ഹെർണാണ്ടസിന്റെ ഗോളിലാണു കേരളം കണ്ഠീരവയിൽ ഇക്കുറി കണ്ണീരണിഞ്ഞത്.
89–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ഗോളിനു വെടിമരുന്നു നിറച്ചത് പത്തൊൻപതുകാരൻ ചിൻഗംബം ശിവാൾഡോ സിങ്. വലതു പാർശ്വത്തിൽ നിന്നു ശിവാൾഡോ തൊടുത്ത മിന്നൽപ്പിണർ ക്രോസ് പ്രതിരോധത്തിൽ നിന്ന് ഒറ്റപ്പെട്ടു നിന്ന ഹെർണാണ്ടസ് ബുള്ളറ്റ് പോലൊരു ഷോട്ടിൽ വലയിലേക്കു തിരിച്ചുവിട്ടു. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് 29 പോയിന്റോടെ അഞ്ചാം സ്ഥാനത്തു തുടരുന്നു. ബെംഗളൂരു 6–ാം സ്ഥാനത്താണ്.
ദിമിത്രിയെ ‘വീഴ്ത്തിയ’ തന്ത്രം
ഗോവയ്ക്കെതിരായ ഇലവനിൽ 2 മാറ്റങ്ങളോടെയാണു ബ്ലാസ്റ്റേഴ്സ് വന്നത്. ജീക്സൺ സിങ്ങിനു പകരം മുൻ ബെംഗളൂരു താരം ഡാനിഷ് ഫാറൂഖും രാഹുലിനു പകരം നിഹാൽ സുധീഷും വന്നു. 2 ടീമിനും ഗോളിലേക്കുള്ള വഴി കഠിനമെന്നു വ്യക്തമായ പോരാട്ടത്തിൽ ബെംഗളൂരുവിന്റെ മുന്നേറ്റങ്ങൾ കണ്ടാണു ആദ്യപകുതി മാഞ്ഞത്. പക്ഷേ വിങ്ങിൽ റയാൻ വില്യംസും മധ്യത്തിൽ ഹാവിയർ ഹെർണാണ്ടസും തുറന്നെടുത്ത അവസരങ്ങൾ ഛേത്രി നായകനായ മുന്നേറ്റത്തിനു ഗോളിലെത്തിക്കാനായില്ല. ഛേത്രിയുടെ തലപ്പാകമെത്തിയ ഏതാനും നീക്കങ്ങൾക്കു തുല്യം നിൽക്കുന്നതായിരുന്നു മറുവശത്തു ദിമിത്രിയോസ് ഡയമന്റകോസിനെ തേടിയെത്തിയ പന്തുകൾ. പക്ഷേ ജോവനോവിച്ചും ദമജനോവിച്ചും ചേർന്നു ഡയമന്റകോസിനെ ‘വീഴ്ത്തിയ’ ആതിഥേയരുടെ തന്ത്രമാണു ഫൈനൽ തേഡിൽ ബ്ലാസ്റ്റേഴ്സിനെ നിഷ്പ്രഭരാക്കിയത്. പന്തു സ്വീകരിച്ചു നിലംതൊടാനാകും മുൻപേ ബ്ലാസ്റ്റേഴ്സ് നായകൻ വീണതും വീഴ്ത്തിയതും പലകുറി ബെംഗളൂരുവിന്റെ കോട്ട ഭദ്രമാക്കി.
രണ്ടാം പകുതിയിലെ ഉണർവ്
നിഹാലിനു പകരം മുഹമ്മദ് അയ്മനുമായാണു രണ്ടാം പകുതിയിൽ ഗോൾ തേടി ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയത്. കളിയിലും പിന്നാലെ മാറ്റം തെളിഞ്ഞു. കേരളത്തിന്റെ ചങ്ക് തുടിച്ചൊരു നിമിഷവും വൈകാതെ പിറന്നു. ഡയമന്റകോസിൽ നിന്നു ഗോളിനു മുന്നിൽ അയ്മനു പന്ത്. പക്ഷേ, ദുർബല ഷോട്ടിൽ ഗോൾ അകന്നു. ഫൈനൽ തേഡിൽ ബ്ലാസ്റ്റേഴ്സിന്റെ ബ്ലാസ്റ്റ് മണത്തതു ചെർനിച്ചും ഡെയ്സൂക്കിയും അയ്മനും ഇരമ്പിക്കയറിയ നിമിഷങ്ങളിലാണ്. പക്ഷേ, ഗോളിലേക്കു കനപ്പെട്ട ശ്രമങ്ങൾ തിളച്ചു തുടങ്ങുന്നതിനിടെ 68–ാം മിനിറ്റിൽ കേരളത്തിന്റെ കഥയും കഴിഞ്ഞേനെ. റയാൻ വില്യംസ് വച്ചുനീട്ടിയ പന്തിനെ ഗോളിലേക്കു തൊട്ടകറ്റാൻ ഛേത്രിക്കു കഴിയാതെ പോയതു ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യനിമിഷം. പകരക്കാരായി ജീക്സണും കോട്ടാലും രാഹുലും വന്നതോടെ ഗോൾ പ്രതീക്ഷകൾക്കു പിന്നെയും ചിറകു മുളച്ചു. പക്ഷേ കുറിയ പാസുകളും അതിവേഗവും പലവട്ടം ബെംഗളൂരു ബോക്സിൽ അപകടം വിതച്ചെങ്കിലും ഗോൾ മാത്രം മടിച്ചുനിന്നു.
പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ
ന്യൂഡൽഹി ∙ പഞ്ചാബ് എഫ്സിയെ 3–2ന് കീഴടക്കിയ മുംബൈ സിറ്റി എഫ്സി ഐഎസ്എലിൽ പ്ലേ ഓഫ് ഉറപ്പിച്ചു. 17 കളികളിൽ 35 പോയന്റുള്ള മുംബൈ നിലവിൽ രണ്ടാം സ്ഥാനത്താണ്. 35 പോയിന്റുമായി ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ഒഡീഷ എഫ്സി നേരത്തേ പ്ലേഓഫിനു യോഗ്യത നേടിയിരുന്നു.