ഐഎസ്എൽ മാതൃകയിൽ സൂപ്പർ ലീഗ് കേരള
Mail This Article
കൊച്ചി ∙ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗിന്റെ ആവേശം കേരളത്തിലേക്കും. 6 നഗരങ്ങൾ കേന്ദ്രീകരിച്ച് 6 പ്രഫഷനൽ ക്ലബ്ബുകൾ. സെപ്റ്റംബറിൽ ആരംഭിച്ചു രണ്ടു മാസത്തോളം നീളുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചു രൂപീകരിച്ച 6 ക്ലബ്ബുകളാണ് ആദ്യ ലീഗിൽ കരുത്തു പരീക്ഷിക്കുക. ഐഎസ്എൽ മാതൃകയിലാകും ലീഗ്.
കായിക മന്ത്രി വി. അബ്ദുറഹിമാൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയ, അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, ടെക്നിക്കൽ കമ്മിറ്റി ചെയർമാനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ഐ.എം.വിജയൻ, ഷബീറലി, പ്രൊ കബഡി ലീഗ് സഹസ്ഥാപകനും ടെലിവിഷൻ കമന്റേറ്ററുമായ ചാരുശർമ , മന്ദിര ബേദി , സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, ടീം ഉടമകൾ, മുൻകാല താരങ്ങൾ തുടങ്ങിയവർ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കും.
കേരള ഫുട്ബോളിൽ കൂടുതൽ പ്രഫഷനൽ ക്ലബ്ബുകളെയും പ്രഫഷനൽ ഫുട്ബോൾ താരങ്ങളെയും സൃഷ്ടിക്കുകയും ചെയ്യുകയെന്ന വലിയ ലക്ഷ്യത്തോടെയാണു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) ഗ്രൂപ്പ് മീരാനുമായി സഹകരിച്ചു പ്രഫഷനൽ ലീഗ് അവതരിപ്പിക്കുന്നത്. വളർന്നു വരുന്ന കളിക്കാർക്കു കേരളത്തിൽ തന്നെ മികച്ച വരുമാനം ലഭിക്കുന്ന പ്രഫഷനൽ താരങ്ങളാകാനും അതുവഴി ഐഎസ്എൽ ഉൾപ്പെടെ ഉയർന്ന തലത്തിലേക്കു വളരാൻ അവസരം നൽകാനും ലക്ഷ്യമിട്ടാണു സൂപ്പർ ലീഗ് കേരള മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നു കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. നിലവിൽ വിദേശ പരിശീലകരുടെ സേവനവും വിദേശ താരങ്ങൾക്കൊപ്പം കളിക്കാനുള്ള അവസരവും വളരെക്കുറച്ചു കളിക്കാർക്കു മാത്രമാണു ലഭിക്കുന്നത്.
സൂപ്പർ ലീഗ് കേരള വരുന്നതോടെ അതിനുള്ള അവസരം വർധിക്കും. മലയാളി യുവ താരങ്ങൾക്കു പ്രാമുഖ്യം നൽകി തയാറാക്കിയ പ്ലെയർ ഡ്രാഫ്റ്റിൽ നിന്നാണ് 6 ടീമുകളും കളിക്കാരെ തിരഞ്ഞെടുക്കുക. വിദേശ യുവതാരങ്ങളും ഡ്രാഫ്റ്റിലുണ്ട്. എല്ലാ ടീമുകൾക്കും ഒരേ പോലെ മികച്ച കളിക്കാരെ ലഭിക്കുന്ന രീതിയിലാകും തിരഞ്ഞെടുപ്പ്. ഏകദേശം 200 കളിക്കാർക്കു സൂപ്പർ ലീഗ് ക്ലബ്ബുകൾ നിശ്ചിത കാലയളവു വരെ പ്രഫഷനൽ കരാർ നൽകും. മികച്ച മൈതാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ശ്രമം നടക്കുകയാണ്.
സർക്കാരിന്റെയും കോർപറേറ്റുകളുടെയും പങ്കാളിത്തത്തിനു ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന ടീമുകളുടെ ഗ്രാസ് റൂട്ട് പരിശീലന പരിപാടികൾ ആരംഭിച്ചതായി കെഎഫ്എ ജനറൽ സെക്രട്ടറി പി.അനിൽ കുമാർ പറഞ്ഞു. ചാക്കോളാസ് ട്രോഫി എന്ന പേരിൽ കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ട് കെഎഫ്‌എ ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ റിക്രൂട്മെന്റ് കുറഞ്ഞതോടെ അവസരങ്ങൾ ലഭിക്കില്ലെന്ന ആശങ്കയിലാണു പുതുതലമുറ ഫുട്ബോൾ കളിക്കാർ. ഇതിനൊരു പരിഹാരമെന്ന നിലയിലാണു പ്രഫഷനൽ ലീഗ് രൂപകൽപന ചെയ്തതെന്നു സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫും സ്കോർലൈൻ സ്പോർട്സ് ഡയറക്ടർ ഫിറോസ് മീരാനും പറഞ്ഞു.