ഷൂട്ടൗട്ടിൽ കിരീടം കൈവിട്ടു: ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് റൊണാൾഡോ, ആശ്വസിപ്പിക്കാനാകാതെ സഹതാരങ്ങൾ

Mail This Article
ദോഹ∙ കിങ്സ് കപ്പ് ഫൈനലിൽ തോറ്റതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് സൗദി ക്ലബ് അൽ നസ്റിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിശ്ചിത സമയത്തും അധികസമയത്തും 1–1ന് സമനിലയിലായിരുന്ന മത്സരം പെനൽറ്റി ഷൂട്ടൗട്ടിലാണ് അല്‍ നസ്ർ കൈവിട്ടത്. ഷൂട്ടൗട്ടിൽ 5–4നായിരുന്നു അൽ ഹിലാലിന്റെ വിജയം. തോൽവിക്കു പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ വീണ റൊണാള്‍ഡോയെ സഹതാരങ്ങൾ ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്.
രണ്ടാം സ്ഥാനക്കാർക്കുള്ള മെഡൽ സ്വീകരിച്ച ശേഷം ടീമിന്റെ ഡഗ് ഔട്ടിൽ ഇരുന്നു കരയുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ അൽ ഹിലാലിന്റെ സെർബിയൻ ഫോർവേഡ് അലക്സാണ്ടർ മിട്രോവിച്ചാണ് ആദ്യ ഗോൾ നേടിയത്. 88–ാം മിനിറ്റിൽ അയ്മൻ യഹിയയിലൂടെ അല്‍ നസ്ർ സമനില പിടിച്ചു. മത്സരത്തിന്റെ 56–ാം മിനിറ്റിൽ അൽ നസ്ർ ഗോളി ഡേവിഡ് ഒസ്പിന ചുവപ്പു കാർഡ് കണ്ടു പുറത്തായതും ടീമിനു തിരിച്ചടിയായി.
മത്സരത്തിന്റെ അധിക സമയത്ത് ലീഡെടുക്കാന്‍ അൽ നസ്റിന് സുവർണാവസരം ലഭിച്ചെങ്കിലും അൽ ഹിലാലിന്റെ ഗോളി യാസിൻ ബോനു പ്രതിരോധിച്ചുനിന്നു. ഷൂട്ടൗട്ടിൽ അൽ നസ്റിന്റെ അവസാന രണ്ട് കിക്കുകൾ യാസിൻ ബോനു തടഞ്ഞിട്ടു. ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ പരുക്കേറ്റു പുറത്തിരിക്കവെയാണ് അൽ ഹിലാലിന്റെ കിരീടനേട്ടം.