റയൽ മഡ്രിഡിന് 15–ാം യൂറോപ്യൻ കിരീടം; ഒരിക്കൽ കൂടി ഇതാ, ‘യുവേഫ റയൽസ് ലീഗ്’!

Mail This Article
ലണ്ടൻ ∙ റയൽ മഡ്രിഡ് ഉറങ്ങിക്കളിച്ച ആദ്യപകുതിയിൽ ബൊറൂസിയ ഡോർട്മുണ്ടിന് ഗോളടിക്കാമായിരുന്നു; ഒന്നല്ല പലവട്ടം! അവയൊന്നും ദൗർഭാഗ്യം കൊണ്ട് റയലിന്റെ സർവപ്രതാപിയായ ഗോൾകീപ്പർ തിബോ കോർട്ടോയെ മറികടന്നു ഗോളായില്ല. പക്ഷേ, ഒന്നര മണിക്കൂർ കളിയുടെ ആദ്യ ഒരു മണിക്കൂർ കഴിഞ്ഞ് ഉണർന്നെണീറ്റ റയൽ മഡ്രിഡ് അവർക്കു കിട്ടിയ രണ്ട് അർധാവസരങ്ങളും ഗോളാക്കി. അതോടെ യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഒന്നാംനിര പോരാട്ടമായ ചാംപ്യൻസ് ലീഗ് വിജയികൾക്കുള്ള ട്രോഫി ഒരിക്കൽ കൂടി സ്പാനിഷ് ക്ലബ്ബിന്റെ ഷെൽഫിലേക്ക്.
ഫൈനലിൽ ജർമൻ ക്ലബ് ഡോർട്മുണ്ടിനെ 2–0ന് തോൽപിച്ചാണ് റയലിന്റെ കിരീടധാരണം. 74–ാം മിനിറ്റിൽ ഡാനി കാർവഹാളും 9 മിനിറ്റിനു ശേഷം വിനീസ്യൂസും നേടിയ ഗോളുകൾ റയൽ താരങ്ങളുടെ ക്ലാസ് വെളിപ്പെടുത്തുന്നതായിരുന്നു. റയലിന്റെ 15–ാം യൂറോപ്യൻ കിരീടമാണിത്.
ആദ്യപകുതിയിൽ കരിം അഡയേമി, നിക്ലാസ് ഫുൾക്രൂഗ്, ജുലിയൻ ബ്രാൻഡ്റ്റ്, മാർസൽ സബിറ്റ്സർ തുടങ്ങി ഡോർട്മുണ്ട് താരങ്ങളുടെ നീക്കങ്ങൾ ഗോളാകാതെ പോയതിനു പകുതി കാരണം ദൗർഭാഗ്യമാണെന്നു പറയാം. ബാക്കി പകുതി, ഈ സീസണിലെ അഞ്ചാമത്തെ മാത്രം മത്സരത്തിനു ഗോൾവലയ്ക്കു മുന്നിൽനിന്ന റയലിന്റെ സീനിയർ ഗോളി തിബോ കോർട്ടോയുടെ സേവുകളായിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ സെക്കൻഡിന്റെ പത്തിലൊന്നു സമയംകൊണ്ടു റയൽ കളി തങ്ങളുടേതാക്കി. റയലിനായി അവസാന മത്സരം കളിച്ച ടോണി ക്രൂസിന്റെ കോർണർ. അഞ്ചടി എട്ടിഞ്ചു മാത്രം ഉയരമുള്ള ഡാനി കാർവഹാൾ ചാടിത്തൊടുത്ത ഹെഡർ ബുള്ളറ്റു പോലെ ഡോർട്മുണ്ട് ഗോളി ഗ്രിഗർ കോബലിനെ ഞെട്ടിച്ചു വലയിൽ കയറി. ഒട്ടും വൈകാതെ ബ്രസീലുകാരൻ വിനീസ്യൂസിന്റെ ഗോളും പിറന്നു (2–0).