ലോകകപ്പ് യോഗ്യതാ പോരാട്ടം, ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും

Mail This Article
ദോഹ ∙ സുനിൽ ഛേത്രി വിരമിച്ചതിനു ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കരുത്തരായ ഖത്തറിനെ നേരിടുന്നു. ഫിഫ ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിനു കിക്കോഫ് രാത്രി 9.15ന്. കൊൽക്കത്തയിൽ കുവൈത്തിനെതിരെ നടന്ന മത്സരം ഗോൾരഹിത സമനിലയായതോടെ ഇന്ത്യയ്ക്ക് ഇന്നത്തെ കളി അതിനിർണായകമാണ്. ഖത്തറിനെ തോൽപിച്ചാലേ ഇന്ത്യയ്ക്കു മുന്നോട്ടു സജീവ സാധ്യതയുള്ളൂ.
ഇന്ത്യ–ഖത്തർ മത്സരം സമനിലയായാൽ, രാത്രി വൈകി നടക്കുന്ന കുവൈത്ത് – അഫ്ഗാനിസ്ഥാൻ മത്സരവും സമനിലയാവുകയാണെങ്കിൽ ഇന്ത്യയ്ക്കു പ്രതീക്ഷ വയ്ക്കാം. അല്ലാത്തപക്ഷം മൂന്നാം റൗണ്ടിലെത്താതെ ഇന്ത്യ പുറത്താകും. ഏഷ്യൻ കപ്പ് യോഗ്യതയും ലഭിക്കില്ല. നിലവിൽ 5 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഗോൾവ്യത്യാസം -3. കഴിഞ്ഞ ദിവസം ഖത്തറിനെ ഗോൾരഹിത സമനിലയിൽ പിടിച്ച അഫ്ഗാനിസ്ഥാനാണ് (5 പോയിന്റ്) മൂന്നാം സ്ഥാനത്ത്. ഗോൾവ്യത്യാസം -10. നേരത്തേത്തന്നെ യോഗ്യത നേടിക്കഴിഞ്ഞതിനാൽ 24 വയസ്സിൽ താഴെയുള്ള താരങ്ങളെയാണ് ഖത്തർ അഫ്ഗാനിസ്ഥാനെതിരായ കളിക്കിറക്കിയത്.
ഛേത്രിയുടെ വിരമിക്കലിനു ശേഷം, സീനിയർ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. ‘ഖത്തർ–അഫ്ഗാനിസ്ഥാൻ മത്സരം ഞങ്ങൾ വിലയിരുത്തിയിട്ടുണ്ട്. അതനുസരിച്ചാണ് ഇന്ത്യൻ ടീമിന്റെയും കളി പ്ലാൻ ചെയ്യുന്നത്’– ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ച് പറഞ്ഞു.