സെവൻസിൽ കളിപ്പിച്ച് പണം നൽകിയില്ല; പൊലീസിനു മുന്നിൽ വിതുമ്പിക്കരഞ്ഞ് ഐവറികോസ്റ്റ് താരം

Mail This Article
മലപ്പുറം ∙ സെവൻസ് ഫുട്ബോളിൽ കളിപ്പിക്കാൻ കൊണ്ടുവന്ന പ്രാദേശിക ഫുട്ബോൾ ക്ലബ് പ്രതിഫലം നൽകാതെ ചതിച്ചെന്ന പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി വിതുമ്പിക്കരഞ്ഞ് വിദേശതാരം. ഐവറികോസ്റ്റ് സ്വദേശി കാങ്ക കുവാസി ക്ലൗഡ് ആണ് മഞ്ചേരി നെല്ലിക്കുത്ത് യുണൈറ്റഡ് എഫ്സി ക്ലബ്ബിനെതിരെ പരാതി ഉന്നയിച്ചത്. എന്നാൽ താരം തങ്ങൾക്കുവേണ്ടി കളിച്ചിട്ടില്ലെന്നും മറ്റാരോ ആണ് ആരോപണങ്ങൾക്കു പിന്നിലെന്നുമാണു ക്ലബ്ബിന്റെ വിശദീകരണം. താരത്തിന്റെ താമസവും ഭക്ഷണവും മടക്ക ടിക്കറ്റ് അടക്കമുള്ള ചെലവുകളും ക്ലബ് തന്നെ വഹിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ നിർദേശിച്ചതോടെ തർക്കത്തിന് താൽക്കാലിക പരിഹാരമായി.
ജനുവരിയിൽ കേരളത്തിലെത്തിയെന്നും നെല്ലിക്കുത്ത് ക്ലബ്ബിനുവേണ്ടി 2 മത്സരങ്ങൾ കളിച്ചുവെന്നും കാങ്ക പറഞ്ഞു. ഒരു മത്സരത്തിന് 2,500 രൂപ നൽകുമെന്നായിരുന്നു കരാറെങ്കിലും പ്രതിഫലമൊന്നും നൽകിയില്ല. ഇതോടെ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതായി. ജൂലൈ 3ന് വീസ കാലാവധി തീരും. മടക്ക ടിക്കറ്റിനും പണമില്ല. ക്ലബ് സഹായിക്കാത്തതിനാൽ ആശങ്കയിലാണെന്നു പറഞ്ഞാണ് താരം വിതുമ്പിയത്.
ആദ്യം പരാതിയുമായി മഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് എത്തിയിരുന്നത്. അവിടെ നിന്നാണ് ഒറ്റയ്ക്ക് മലപ്പുറത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയത്. കരാറും പാസ്പോർട്ടും മറ്റു രേഖകളും കയ്യിലുണ്ടായിരുന്നു. ഫ്രഞ്ച് ഭാഷ മാത്രമാണ് കാങ്കയ്ക്ക് അറിയുക എന്നതിനാൽ കാര്യങ്ങൾ മനസ്സിലാക്കാൻ പൊലീസുകാരും ബുദ്ധിമുട്ടി. അവർ ഭക്ഷണം വാങ്ങിക്കൊടുത്തു. തുടർന്ന് ക്ലബ് ഭാരവാഹികളെ വിളിച്ചുവരുത്തിയ ശേഷമാണ് താരത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്നു നിർദേശിച്ചത്.
താരത്തിന്റെ കൈവശമുള്ള കരാർ രേഖകൾ വ്യാജമാണെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ കരാർ രേഖകളുടെ മാതൃക ഉപയോഗിച്ച് മറ്റാരോ താരത്തെ പറ്റിച്ചതാകാമെന്നാണ് അവരുടെ നിലപാട്. അതേസമയം താരത്തിന്റെ പരാതിയും ക്ലബ്ബിന്റെ വാദവും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. താമസസൗകര്യവും ഭക്ഷണവും മറ്റും ക്ലബ് ഭാരവാഹികൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം പൊലീസുകാർക്കു നിർദേശം നൽകി. പൊലീസ് ജീപ്പിലാണ് താരത്തെ തിരിച്ച് മഞ്ചേരിയിലെ താമസസ്ഥലത്തെത്തിച്ചത്.