ADVERTISEMENT

കോഴിക്കോട്∙ കാൽപ്പന്തിന്റെ പറുദീസയായ കോഴിക്കോടിന് സ്വന്തമായൊരു പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബ് കൂടി യാഥാർഥ്യമായി. കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (കാലിക്കറ്റ് എഫ്സി) പ്രഖ്യാപനം ടീമിന്റെ ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനുമായ വി.കെ.മാത്യൂസ് നിർവഹിച്ചു.

ക്ലബ്ബിന്റെ ലോഗോ എം.കെ.രാഘവൻ എംപി പ്രകാശനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) പ്രസിഡന്റ് നവാസ് മീരാൻ ലോഗോ സ്വീകരിച്ചു.സെപ്റ്റംബർ ഒന്നിനു തുടങ്ങുന്ന സൂപ്പർ ലീഗ് കേരള  (എസ്എൽകെ) ടൂർണമെന്റിലാണ് കാലിക്കറ്റ് എഫ്സി ഏറ്റുമുട്ടാനൊരുങ്ങുന്നത്.  ടീമിലെ 25 കളിക്കാരിൽ 6 പേർ വിദേശ താരങ്ങളാണ്. 7 പേർ ദേശീയതാരങ്ങളും. കേരളത്തിൽ നിന്നുള്ള 12 പേരും ടീമിലുണ്ടാവും. ഹെഡ് കോച്ച് വിദേശത്തു നിന്നായിരിക്കും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്.ഐഎസ്എലിനു സമാനമായ രീതിയിലാണ് സൂപ്പർ ലീഗ് കേരള നടക്കുന്നത്.   പ്രാഥമിക റൗണ്ടിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫിൽ എത്തും. 

ഇത് യുവതലമുറയിലുള്ള  നിക്ഷേപം: വി.െക.മാത്യൂസ് 

കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയിൽ കോഴിക്കോട്ടുനിന്ന് വരുന്ന പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബായ കാലിക്കറ്റ് എഫ്സിയുടെ ഒരുക്കങ്ങളെക്കുറിച്ചും കേരളത്തിലെ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചും ക്ലബ് ഉടമ വി.കെ. മാത്യൂസ് മനസ്സുതുറക്കുന്നു. ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് വി.കെ.മാത്യൂസ്. 

എന്തുകൊണ്ട് കോഴിക്കോട്ട് ക്ലബ് തുടങ്ങുന്നു ?

തിരുവനന്തപുരം ആസ്ഥാനമായുള്ള ഞങ്ങൾ എന്തുകൊണ്ട് കോഴിക്കോട്ട് ക്ലബ് തുടങ്ങുന്നുവെന്ന് പലരും ചോദിച്ചു.  കേരളത്തിൽ ഫുട്ബോളിന്റെ സ്വന്തം ഇടം കോഴിക്കോടാണ്. രാജ്യത്ത് ഫുട്ബോൾ ആവേശമായി കൊണ്ടുനടക്കുന്നവരാണ് മലയാളികൾ. ഈ ആവേശത്തിന്റെ പ്രഭവകേന്ദ്രമാണ് കോഴിക്കോട്.  

എന്തുകൊണ്ട് ഈ പേര് ?

ക്ലബ്ബിനുവേണ്ടി പല പേരുകൾ ഞങ്ങൾ പരിഗണിച്ചിരുന്നു. സാമൂരിൻസ് എഫ്സി, കാലിക്കറ്റ് വാരിയേഴ്സ്, സുൽത്താൻസ് തുടങ്ങിയ പല പേരുകളും ചർച്ചയിൽ വന്നു. പക്ഷേ കേരളത്തിൽ ഫുട്ബോൾ എന്നാൽ കാലിക്കറ്റാണ്. അതിനെക്കാൾ ശക്തമായ പേര് വേറെക്കിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു.

 ക്ലബ്ബിന്റെ ലക്ഷ്യം ?

നമ്മുടെ നാട്ടിലെ വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് രാജ്യാന്തര മത്സരങ്ങളുടെ അനുഭവസമ്പത്ത് പകർന്ന് നൽകണം. അതിലൂടെ കേരളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കണം. യുവതലമുറയിൽ നിക്ഷേപം നടത്തുകയെന്നാൽ ഇന്ത്യയുടെ ഭാവിയിൽ നിക്ഷേപം നടത്തുകയെന്നാണ് അർഥം.  പരുക്കുപറ്റാതെ കളിക്കാവുന്ന സൗകര്യങ്ങൾ‍ ഒരുക്കണം. 

English Summary:

New football club from Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com