ADVERTISEMENT

∙‘പാസുകൾ കൊണ്ടു നിങ്ങൾ ത്രികോണങ്ങൾ തീർക്കുക’– തൊണ്ണൂറുകളിൽ സ്പാനിഷ് ഫുട്ബോളിൽ വലിയൊരു മാറ്റത്തിനു തുടക്കം കുറിച്ച യൊഹാൻ ക്രൈഫിന്റെ വാക്കുകൾ. താൻ പരിശീലകനായ ബാർസിലോന ക്ലബ്ബായിരുന്നു ക്രൈഫിന്റെ കളരി. ബാർസയുടെ അക്കാദമിയായ ലാ മാസിയയിൽ പഠിച്ചിറങ്ങിയവർക്കെല്ലാം പാസിങ് എന്നത് അഡിക്‌ഷനായി. ക്രൈഫിന്റെ ശിഷ്യനായ പെപ് ഗ്വാർഡിയോള ‌പാസിങ്ങിലും പൊസഷനിലും കേന്ദ്രീകരിച്ചുള്ള ടിക്കിട‌ാക്ക എന്നൊരു കളിശൈലി തന്നെ രൂപപ്പെടുത്തിയെടുത്തു. ടിക്കിടാക്കയുട‌െ ബലത്തിൽ സ്പെയിൻ ദേശീയ ടീമും യൂറോകപ്പും ലോകകപ്പുമെല്ലാം നേടിയതോടെ ക്രൈഫിന്റെ സിദ്ധാന്തം ‘ഇരുമ്പുലക്ക’ പോലെയായി. മൂന്നരപ്പതിറ്റാണ്ടിനു ശേഷം പതിനാറും ഇരുപത്തിയൊന്നും വയസ്സുള്ള രണ്ടു പയ്യൻമാർ ആ ‘വിശ്വാസം’ തകർക്കുകയാണ്. ഈ യൂറോയിൽ സ്പെയിനു വേണ്ടി മിന്നിക്കളിക്കുന്ന വിങ്ങർമാരായ ലമീൻ യമാലും നിക്കോ വില്യംസും. പന്തു കിട്ടിയാൽ പാസ് ചെയ്യാൻ നിൽക്കാതെ എതിർ ബോക്സിനു സമീപത്തേക്കോടുന്ന ഇവരുടെ തിയറി ലളിതമാണ്– പന്ത് കൊണ്ട് ഗോളിലേക്കൊരു നേർരേഖ വരയ്ക്കുക!

ഡയറക്ട് ഫുട്ബോൾ

പുതിയ കോച്ച് ലൂയിസ് ദെ ല ഫുവന്തെയുടെ കീഴിൽ സ്പെയിൻ സ്വീകരിച്ച ‘ഡയറക്ട് ഫു‌ട്ബോളിലെ’ എൻജിൻ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റോഡ്രിയാണെങ്കിൽ ടീമിന്റെ ഇരട്ടക്കുഴലുകളാണ് ബാർസിലോന താരം യമാലും ബിൽബോവോ താരം വില്യംസും. വേഗവും ഡ്രിബ്ലിങ് മികവും കൃത്യതയാർന്ന ക്രോസുകളുമാണ് ഇരുവരുടെയും പ്രത്യേകത. എതിർ ടീമിന്റെ പെനൽറ്റി ഏരിയയ്ക്കു സമീപം പുൽച്ചാടികളെപ്പോലെ പാഞ്ഞു കളിച്ച് ഇരുവരും വിതച്ച അപായഭീതിയാണ് സ്പെയിന്റെ കുതിപ്പിനു പിന്നിൽ. 136 മത്സരങ്ങൾക്കു ശേഷം ഒരു കളിയിൽ ബോൾ പൊസഷനിലെ ആധിപത്യം കൈവിട്ടിട്ടും സ്പെയിൻ ക്രൊയേഷ്യയ്ക്കെതിരെ ജയിച്ചു കയറിയത് 3–0ന്. ഇറ്റലിക്കെതിരായ മത്സരത്തിൽ ജയം സെൽഫ് ഗോളിലായിരുന്നെങ്കിലും ഗോൾമുഖം ലക്ഷ്യമാക്കി സ്പെയിൻ തൊടുത്തത് 21 ഷോട്ടുകളാണ്. ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മയുടെ സേവുകൾ കൊണ്ടു മാത്രമാണ് ഇറ്റലി വലിയ തോൽവിയിൽ നിന്നു രക്ഷപ്പെട്ടത്. ‘ഇറ്റലിയെ തകർത്ത് രണ്ടു ഫെറാറി കാറുകൾ’– സ്പെയിനിലെ സ്പോർട്സ് ഡെയ്‌ലിയായ ‘മാർക’ റൈറ്റ് വിങ്ങർ ലമാലിനെയും ലെഫ്റ്റ് വിങ്ങർ വില്യംസിനെയും വിശേഷിപ്പിച്ചതിങ്ങനെ.


ഗോൾ നേടിയ സ്പെയിൻ താരം നിക്കോ വില്യംസിന്റെ ആഹ്ലാദം
ഗോൾ നേടിയ സ്പെയിൻ താരം നിക്കോ വില്യംസിന്റെ ആഹ്ലാദം

അൽബേനിയയ്ക്കെതിരെ ഇരുവരെയും കോച്ച് ഫ്യുയന്തെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നതോടെ സ്പെയിനിന്റെ കളിയെയും അതു ബാധിച്ചു. ജയം ഒറ്റ ഗോളിൽ. എന്നാൽ മതിയായ വിശ്രമം കിട്ടിയെത്തിയ ഇരുവരും ഞായറാഴ്ച രാത്രി പ്രീക്വാർട്ടറിൽ ജോർജിയയെ കീറിമുറിച്ചു. രണ്ട് അസിസ്റ്റുകളുമായി യമാലും തകർപ്പനൊരു ഗോളും അസിസ്റ്റുമായി വില്യംസും കളം നിറഞ്ഞതോടെ രണ്ടാം പകുതിയിൽ ജോർജിയ പ്രാ‍ർഥിക്കുകയായിരുന്നു– കളി തീർന്നു കിട്ടാൻ!

സ്പെയിൻ - അൽബേനിയ മത്സരത്തിൽ നിന്ന് (Photo by OZAN KOSE / AFP)
സ്പെയിൻ - അൽബേനിയ മത്സരത്തിൽ നിന്ന് (Photo by OZAN KOSE / AFP)

യമാലിന്റെ ഹോംവർക്ക് 

ബാർസിലോനയിലാണ് ജനിച്ചതെങ്കിലും മൊറോക്ക –ഇക്വറ്റോറിയൽ ഗിനി വംശജരാണ് ലമീൻ യമാലിന്റെ മാതാപിതാക്കൾ. തന്റെ പൈതൃകം ഓർമിക്കാൻ രണ്ടു രാജ്യങ്ങളുടെയും പതാക ബൂ‌‍ട്ടിൽ അടയാളപ്പെടുത്തിയിട്ടുണ്ട് ലമാൽ. ഒപ്പം താൻ വളർന്ന കാറ്റലൂനിയൻ പ്രദേശമായ റോക്കഫോൻഡയുടെ പിൻകോഡും (304). ഇപ്പോഴും സ്കൂൾ വിദ്യാർഥിയായതിനാൽ  പാഠപുസ്തകങ്ങളുമായിട്ടാണ് താൻ യൂറോ കപ്പിനു വന്നതെന്ന് യമാൽ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന യമാൽ ഹോംവർക്കുകൾ ചെയ്യുന്നതും ജർമനിയിൽ വച്ചു തന്നെ. 

spain
സ്പാനിഷ് താരങ്ങൾ മത്സരത്തിനിടെ

ജൂനിയർ വില്യംസ് 

ആഫ്രിക്കൻ രാജ്യമായ ഘാനയിൽനിന്ന് സഹാറ മരുഭൂമി താണ്ടി അഭയാർഥികളായി സ്പെയിനിൽ എത്തിയവരാണ് നിക്കോ വില്യംസിന്റെ മാതാപിതാക്കൾ. മതിയായ രേഖകളില്ലാതെ എത്തി അറസ്റ്റിലായ ഇരുവരെയും ഒരു സ്പാനിഷ് അഭിഭാഷകൻ മോചിപ്പിക്കുകയായിരുന്നു. നിക്കോയുടെ മുതിർന്ന സഹോദരൻ ഇനാകി വില്യംസും സ്പാനിഷ് ക്ലബ് അത്‍ലറ്റിക് ബിൽബാവോ താരമാണ്. സഹോദരൻ സ്പെയിൻ ‌ടീമിൽ ഇല്ലെങ്കിലും ‘വില്യംസ് ജൂനിയർ’ എന്ന പേരാണ് നിക്കോ തന്റെ ജഴ്സിയിൽ സ്വീകരിച്ചിരിക്കുന്നത്.

English Summary:

How Spanish wingers changed Tiki Taka to another level?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com