ADVERTISEMENT

യൂറോപ്യൻ കിരീടനേട്ടത്തിന്റെ മധുരം മുൻപ് അറിഞ്ഞി‌ട്ടുള്ള 4 ടീമുകൾ; യൂറോ കപ്പ് ഫുട്ബോൾ ക്വാർ‌ട്ടർ ഫൈനലുകൾക്ക് ഇന്നു തുട‌ക്കമാകുമ്പോൾ ആദ്യദിനം തന്നെ ഏറ്റുമുട്ടുന്നത് മുൻ ചാംപ്യൻമാർ. മൂന്നു തവണ വീതം ചാംപ്യൻമാരായിട്ടുള്ള സ്പെയിനും ജർമനിയും ആദ്യ ക്വാർട്ടറിൽ ഏറ്റുമുട്ടുമ്പോൾ 2 വട്ടം ചാംപ്യൻമാരായ ഫ്രാൻസും ഒരു തവണ ജേതാക്കളായ പോർച്ചുഗലും തമ്മിലാണ് രണ്ടാം ക്വാർട്ടർ. നാളെ അവസാന ക്വാർട്ടർ ഫൈനലുകളിൽ ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെയും നെതർലൻഡ്സ് തുർക്കിയെയും നേരിടും. 

∙ രാത്രി 9.30: സ്പെയിൻ–ജർമനി, സ്റ്റുട്ഗർട്ട് 

ഈ യൂറോയിലെ ‘ഫൈനൽ’ ആകേണ്ടിയിരുന്ന മത്സരം; സ്പെയിൻ–ജർമനി പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. കളിക്കണക്കുകളിലും താരത്തിളക്കത്തിലും ചാംപ്യൻഷിപ്പിൽ മുന്നിൽ നിൽക്കുന്ന ടീമുകളാണ് സ്റ്റുട്ഗർട്ട് അരീനയിൽ കളത്തിലിറങ്ങുന്നത്. ഇതുവരെയുള്ള 4 മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണ് സ്പെയിൻ. 

ജർമനി 3 മത്സരം ജയിച്ചു. സ്വിറ്റ്സർലൻഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ സമനില വഴങ്ങി. ഗോൾ നേട്ടത്തിൽ ജർമനി ഒന്നാം സ്ഥാനത്തും (10) സ്പെയിൻ (9) രണ്ടാമതുമാണ്. നിക്കോ വില്യംസ്, ലമീൻ യമാൽ തുടങ്ങിയ യുവതാരങ്ങൾ സ്പെയിനു കരുത്തു പകരുമ്പോൾ ഇരുപത്തിയൊന്നുകാരൻ മിഡ്ഫീൽഡർ ജമാൽ മുസിയാളയാണ് ജർമനിയുടെ തുറുപ്പുചീട്ട്. 

‌ടീം ന്യൂസ്: ലമീൻ യമാൽ, നിക്കോ വില്യംസ്, ഫേബിയൻ റൂയിസ് എന്നിവർ ഇന്നലെ സ്പെയിന്റെ പരിശീലന സെഷന് ഇറങ്ങിയില്ല. എന്നാൽ മൂന്നു പേർക്കും വിശ്രമം അനുവദിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. വിലക്കു മാറി ഡിഫൻഡർ യൊനാതൻ താ തിരിച്ചെത്തുന്നത് ജർമനിക്കു സന്തോഷവാർത്ത. 

∙ രാത്രി 12.30: ഫ്രാൻസ്–പോർച്ചുഗൽ 

2016 യൂറോ കപ്പ് ഫൈനലിന്റെ ആവർത്തനമാണ് പോർച്ചുഗൽ–ഫ്രാൻസ് മത്സരം. അന്ന് പാരിസിൽ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരം പോർച്ചുഗൽ 1–0നു ജയിച്ചു. ഇത്തവണ മുന്നേറ്റനിര ഫോമിലായില്ലെങ്കിലും ഉറച്ച പ്രതിരോധം ഫ്രാൻസിനെ കാത്തു. 


എംബപെ , ക്രിസ്റ്റ്യാനോ
എംബപെ , ക്രിസ്റ്റ്യാനോ

  മികച്ച താരനിരയുണ്ടെങ്കിലും പോർച്ചുഗലും അതിനൊത്ത പ്രകടനം കാഴ്ച വച്ചിട്ടില്ല. സ്‍ലൊവേനിയയ്ക്കെതിരെ വിജയം നേടാൻ ഷൂട്ടൗട്ട് വരെ കളിക്കേണ്ടി വന്നു. രണ്ടു മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടം എന്നതിനൊപ്പം 2 സൂപ്പർ താരങ്ങളുടെ കണ്ടുമുട്ടൽ കൂടിയാണ് മത്സരം. ഫ്രാൻസിന്റെ ഇരുപത്തിയഞ്ചുകാരൻ കിലിയൻ എംബപെയും പോർച്ചുഗലിന്റെ മുപ്പത്തിയൊൻപതുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും. ‌

ടീം ന്യൂസ്: രണ്ടാം മഞ്ഞക്കാർഡ് കണ്ട് വിലക്കിലായ മി‍ഡ്ഫീൽഡർ അഡ്രിയാൻ റാബിയോ ഇന്ന് ഫ്രഞ്ച് സ്ക്വാഡിൽ ഇല്ല. പോർച്ചുഗീസ് നിരയിൽ ആർക്കും വിലക്കോ പരുക്കോ ഇല്ല. 

English Summary:

Euro cup 2024 quarter final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com