ADVERTISEMENT

അരിസോണ∙ പൊരുതിക്കളിച്ച ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ പിന്തള്ളി യുറഗ്വായ് കോപ്പ അമേരിക്ക ഫുട്ബോൾ സെമിയിൽ. പരുക്കൻ അടവുകൾ ഏറെ കണ്ട ആവേശപ്പോരാട്ടത്തിൽ 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതിനാലാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. നഹിത്താൻ നാൻഡസ് 74–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായിട്ടാണ് യുറഗ്വായ് മത്സരം പൂർത്തിയാക്കിയത്. അവസാന 20 മിനിറ്റോളം 10 പേരുമായി ബ്രസീൽ ആക്രമണത്തെ ചെറുത്തുനിന്ന യുറഗ്വായ്, ഷൂട്ടൗട്ടിൽ എതിരാളികളെ പിന്തള്ളി.

വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ, കരുത്തരായ കൊളംബിയയാണ് യുറഗ്വായുടെ എതിരാളികൾ. ഇന്നു പുലർച്ചെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പാനമയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്താണ് കൊളംബിയ സെമിയിൽ കടന്നത്. തുടർച്ചയായി രണ്ടാം മഞ്ഞക്കാർഡ് കണ്ടതിനാൽ സൂപ്പർതാരം വിനീസ്യൂസ് ജൂനിയറിനെ കൂടാതെയാണ് ബ്രസീൽ നിർണായക മത്സരത്തിന് ഇറങ്ങിയത്.

ഷൂട്ടൗട്ടിൽ ബ്രസീൽ താരങ്ങൾക്ക് തൊട്ടതെല്ലാം പിഴച്ചു. ആദ്യ കിക്കെടുത്ത ഏദർ മിലിട്ടാവോയുടെ ഷോട്ട് യുറഗ്വായ് ഗോൾകീപ്പർ തടുത്തിട്ടപ്പോൾ, ഡഗ്ലസ് ലൂയിസിന്റെ നാലാം ഷോട്ട് ഗോൾപോസ്റ്റിൽത്തട്ടി തെറിച്ചു. യുറഗ്വായ് താരം ഹോസെ ജിമനസിന്റെ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസൻ രക്ഷപ്പെടുത്തിയെങ്കിലും, ടീമിന്റെ മുന്നേറ്റത്തിന് അതു മതിയാകുമായിരുന്നില്ല. യുറഗ്വായ്‌ക്കായി ഫെഡറിക്കോ വാർവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്കസ്, മാനുവൽ ഉഗാർട്ടെ എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീൽ നിരയിൽ ലക്ഷ്യം കണ്ടത് ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരുടെ കിക്കുകൾ മാത്രം.

പാനമയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ഗോൾനേട്ടം ആഘോഷിക്കുന്ന കൊളംബിയ താരങ്ങൾ (Photo by Patrick T. Fallon / AFP)
പാനമയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ഗോൾനേട്ടം ആഘോഷിക്കുന്ന കൊളംബിയ താരങ്ങൾ (Photo by Patrick T. Fallon / AFP)

നേരത്തെ, പെനൽറ്റിയിലൂടെ നേടിയ രണ്ടു ഗോളുകൾ സഹിതം പാനമയ‌്ക്കെതിരെ അഞ്ചു ഗോളുകൾ അടിച്ചുകൂട്ടിയാണ് കൊളംബിയ സെമിയിൽ കടന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ കൊളംബിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുൻപിലായിരുന്നു. ജോൺ കോർഡോബ (എട്ടാം മിനിറ്റ്), ഹാമിഷ് റോഡ്രിഗസ് (15–ാം മിനിറ്റ്, പെനൽറ്റി), ലൂയിസ് ഡയസ് (41–ാം മിനിറ്റ്), റിച്ചാർഡ് റിയോസ് (70–ാം മിനിറ്റ്), മിഗ്വേൽ ബോർഹ (90+4–ാം മിനിറ്റ്, പെനൽറ്റി) എന്നിവരാണ് കൊളംബിയയ്‌ക്കായി ലക്ഷ്യം കണ്ടത്.

English Summary:

Copa America 2024 Quarter Finals - Brazil Vs Uruguay, Colombia Vs Panama - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com