തുർക്കിയെ 2–1ന് തോൽപിച്ചു, നെതർലൻഡ്സ് സെമിയിൽ; ഇംഗ്ലണ്ടിനെ നേരിടും
- Stefan De Vrij 70'
- Mert Muldur 76' (og)
- Samet Akaydin 35'
Mail This Article
ബർലിൻ ∙ പൊരുതിക്കളിച്ച തുർക്കിയെ 2–1നു തോൽപിച്ച് നെതർലൻഡ്സ് യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് നെതർലൻഡ്സിന്റെ ജയം (2–1).
76–ാം മിനിറ്റിൽ സ്റ്റെഫാൻ ഡിഫ്രെയുടെ ഗോളും 76–ാം മിനിറ്റിൽ തുർക്കി താരം മെർട്ട് മുൽദറുടെ സെൽഫ് ഗോളുമാണ് നെതർലൻഡ്സിന് വിജയം സമ്മാനിച്ചത്. 35–ാം മിനിറ്റിൽ സമത് അകയ്ദിനാണ് തുർക്കിയുടെ ഗോൾ നേടിയത്. ബുധനാഴ്ച രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടാണ് നെതർലൻഡ്സിന്റെ എതിരാളികൾ.
ബർലിനിലെ ഒളിംപിയ സ്റ്റേഡിയത്തിൽ, ആദ്യം മുന്നിലെത്തിയത് തുർക്കി. 35–ാം മിനിറ്റിൽ അർദ ഗുലറുടെ കോർണർ ഡച്ച് പ്രതിരോധം ഹെഡ് ചെയ്ത് അകറ്റിയെങ്കിലും വന്നുവീണത് ഗുലറുടെ കാൽക്കൽ തന്നെ. ഇത്തവണ പെർഫക്ട് ക്രോസ്. സമത് അകയ്ദിന്റെ ഹെഡർ ഡച്ച് ഗോൾവല കുലുക്കി (1–0). സമനില ഗോളിനായി ഓറഞ്ച് പട ആക്രമിച്ചു കളിച്ചതോടെ തുർക്കി പ്രതിരോധത്തിലായി. 70–ാം മിനിറ്റിൽ നെതർലൻഡ്സ് ആരാധകർ കാത്തിരുന്ന ഗോൾ വന്നു.
കോർണറിൽ നിന്ന് ഡിപായുടെ ക്രോസ്. സ്റ്റെഫാൻ ഡിഫ്രെയെ മാർക് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ബുള്ളറ്റ് ഹെഡർ വലയിലേക്ക് (1–1). ഒപ്പമെത്തിയതോടെ ആവേശത്തിലായ നെതർലൻഡ്സ് ആറു മിനിറ്റിനകം ലീഡും നേടി. ഡെൻസൽ ഡംഫ്രൈസിന്റെ പാസിൽ ഗാക്പോയെ തടയാൻ ശ്രമിച്ച മെർട്ട് മുൽദറിനു പിഴച്ചു. പന്ത് കാലിൽ തട്ടി സ്വന്തം വലയിലേക്ക് (2–1).