ADVERTISEMENT

ലാസ് വേഗസ്∙ ഇരു ടീമുകളും ഗോളടിക്കാൻ മറന്ന് പരുക്കൻ കളി പുറത്തെടുത്ത പോരാട്ടത്തിലാണ് ബ്രസീലിന്റെ കോപ്പ മോഹങ്ങളെ തല്ലിക്കെടുത്തി യുറഗ്വായ് സെമി ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് രണ്ടു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചു. 41 ഫൗളുകളാണ് മത്സരത്തിന്റെ ഇരു പകുതികളിലുമായി രണ്ടു ടീമുകളും വഴങ്ങിയത്. ഫൗളിന്റെ കാര്യത്തിലും കളി ജയിച്ച യുറഗ്വായ് തന്നെയാണ് മുന്നിലുള്ളത്. 26 എണ്ണം, ബ്രസീലിന്റെ ഭാഗത്തുനിന്ന് 15 ഫൗളുകളുമുണ്ടായി. നാലു മഞ്ഞ കാർഡുകളും ഒരു ചുവപ്പു കാർഡും മത്സരത്തില്‍ റഫറി പുറത്തെടുത്തു.

പാസുകളുടെ എണ്ണത്തിലും, പന്തടക്കത്തിലും ഓൺ ടാർഗറ്റ് ഷോട്ടുകളിലും ബ്രസീലായിരുന്നു മുന്നിലെങ്കിലും കളി ജയിക്കാൻ അവർ മറന്നു. 74–ാം മിനിറ്റിലാണ് യുറഗ്വായ് താരം നഹിത്താൻ നാന്‍ഡസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോകുന്നത്. ബ്രസീൽ താരം റോ‍ഡ്രിഗോയ്ക്കെതിരായ ഗുരുതര ഫൗളിനാണു താരം നടപടി നേരിടേണ്ടിവന്നത്. മുന്നേറ്റത്തിനിടെ റോ‍‍ഡ്രിഗോയുടെ കാലിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതോടെ യുറഗ്വായ് പത്തുപേരായി ചുരുങ്ങി. വാർ പരിശോധനകൾക്കു ശേഷമായിരുന്നു യുറഗ്വായ് താരത്തിനു നേരെ റഫറി ചുവപ്പു കാർഡ് ഉയർത്തിയത്.

FBL-COPA AMERICA-2024-URU-BRA
യുറഗ്വായ് താരം ലൂയി സ്വാരെസ് മത്സരത്തിനു ശേഷം. Photo: Frederic J. Brown / AFP

ഗോളില്ലാ ഇരു പകുതികൾ

2024 കോപ്പ അമേരിക്കയിൽ ഷൂട്ടൗട്ടിലേക്കു നീണ്ട മൂന്നാമത്തെ പോരാട്ടമായിരുന്നു ഇത്. ആദ്യ പകുതി മുതൽ തന്നെ ഇരു ടീമുകളുടെയും പരുക്കൻ നീക്കങ്ങൾക്കു നെവാദയിലെ അലിജ്യന്റ് സ്റ്റേഡിയം സാക്ഷിയായി. പ്രധാനപ്പെട്ട ഗോൾ നീക്കങ്ങളൊന്നും അവസാന ഘട്ടത്തിലെത്തുമ്പോൾ വിജയിച്ചില്ല. 28–ാം മിനിറ്റിൽ യുറഗ്വായ് താരത്തിന്റെ പിഴവിൽ പന്തു ലഭിച്ച എന്‍ഡ്രിക് ഗോൾ ശ്രമം നടത്താതെ റാഫീഞ്ഞയ്ക്ക് പാസ് നൽകിയതു ബ്രസീലിനു തിരിച്ചടിയായി. ഇത് യുറഗ്വായ് പ്രതിരോധിച്ചുനിന്നു. 35–ാം മിനിറ്റിൽ ബ്രസീൽ ബോക്സിലേക്കെത്തിയ ക്രോസ് ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഡാർവിൻ നൂനസിനും പിഴച്ചു. 

തൊട്ടുപിന്നാലെ റാഫീഞ്ഞയുടെ മുന്നേറ്റം യുറഗ്വായുടെ ഗോളി സെർജിയോ റോച്ചെറ്റ് പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ റാഫിഞ്ഞയിൽനിന്ന് മികച്ച നീക്കങ്ങളുണ്ടായെങ്കിലും ലക്ഷ്യം കണ്ടില്ല. യുറഗ്വായ് പത്തു പേരായി ചുരുങ്ങിയതോടെ ലീഡെടുക്കാൻ ബ്രസീൽ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, ഫിനിഷിങ് പാളിപ്പോയി. പത്തുപേരായതോടെ ബ്രസീലിനെ എങ്ങനെയും തടുത്തുനിര്‍ത്തുക എന്നതു മാത്രമായിരുന്നു യുറഗ്വായുടെ ലക്ഷ്യം. അതിൽ വിജയിച്ച യുറഗ്വായ് കളി ഷൂട്ടൗട്ടിലേക്കു കൊണ്ടുപോയി.

FBL-COPA AMERICA-2024-URU-BRA
ബ്രസീൽ താരം റോഡ്രിഗേ പരുക്കേറ്റു ഗ്രൗണ്ടിൽ വീണപ്പോൾ. Photo: Robyn Beck / AFP

ഷൂട്ടൗട്ടിൽ 4–2ന് യുറഗ്വായ്

ബ്രസീൽ താരം ഏദർ മിലിട്ടാവോയാണ് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുക്കാനെത്തിയത്. ബ്രസീലിന്റെ ആദ്യ ശ്രമം തന്നെ പാളിപ്പോയി. മിലിട്ടാവോയുടെ കിക്ക് യുറഗ്വായ് ഗോളി തട്ടിയകറ്റുകയായിരുന്നു. ഡഗ്ലസ് ലൂയിസിന്റെ നാലാം ഷോട്ട് ഗോൾ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്കസ്, മാനുവൽ ഉഗാർട്ടെ എന്നിവർ പിഴവുകളില്ലാതെ യുറഗ്വായെ മുന്നിലെത്തിച്ചു. ഹോസെ ജിമിനസിന്റെ ഷോട്ട് ബ്രസീൽ ഗോളി അലിസൻ പ്രതിരോധിച്ചു. അൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ബ്രസീലിനായി വല കുലുക്കിയ താരങ്ങൾ. സെമിയിൽ കൊളംബിയയാണ് യുറഗ്വായുടെ എതിരാളികൾ.

FBL-COPA AMERICA-2024-URU-BRA
കിക്ക് മിസായപ്പോൾ ബ്രസീൽ താരം ഡഗ്ലസ് ലൂയിസിന്റെ നിരാശ, യുറഗ്വായ് ഗോളി സെർജിയോ റോചെറ്റിന്റെ ആഹ്ലാദവും കാണാം. Photo: Frederic J. Brown / AFP
English Summary:

Uruguay beat Brazil in Copa America quarter final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com