ക്രിസ്റ്റ്യാനോ എന്ന സാമ്രാജ്യം; ഇന്നോ നാളെയോ അവസാനിക്കുന്നതല്ല ഈ ആരാധകപ്രേമം

Mail This Article
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം ഒരു രാജ്യമാണെങ്കിൽ ലോകജനസംഖ്യയിൽ മൂന്നാം സ്ഥാനം അതിനാകുമായിരുന്നു! ഇൻസ്റ്റഗ്രാമിൽ മാത്രം 63 കോടി ഫോളോവേഴ്സുള്ള പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ശനിയാഴ്ച രാത്രി ഹാംബുർഗ് സ്റ്റേഡിയത്തിനു മുകളിലെ ഇരുണ്ട ആകാശത്തേക്കു നോക്കി നിശ്ശബ്ദനായി നിന്നു. ഇത്തവണ ക്രിസ്റ്റ്യാനോ കരഞ്ഞില്ല. പകരം, നിറകണ്ണുകളോടെ നിന്ന വെറ്ററൻ താരം പെപ്പെയെ തന്നിലേക്കു പിടിച്ചമർത്തി ചെവിയിൽ എന്തോ പറഞ്ഞു. മുപ്പത്തൊൻപതുകാരൻ ക്രിസ്റ്റ്യാനോയ്ക്കും നാൽപത്തിയൊന്നുകാരൻ പെപ്പെയ്ക്കും ഇത് അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പാണ്.

യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ, ഫ്രാൻസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റു പുറത്തായതിന്റെ വേദനിപ്പിക്കുന്ന വിധി കടിച്ചമർത്തിനിന്ന ക്രിസ്റ്റ്യാനോയ്ക്കു മുന്നിൽ സംഭവബഹുലമായ ഒരു യുഗം അവസാനിക്കുകയാണ്. അടുത്ത ലോകകപ്പിന്റെ കാലത്ത് ക്രിസ്റ്റ്യാനോയ്ക്കു വയസ്സ് 41 ആകും. ഇത് തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പാണെന്നു വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ രാജ്യാന്തര ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ആ മൗനം എല്ലാറ്റിനുമുള്ള ഉത്തരം കൂടിയാണ്!
പക്ഷേ, ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഫുട്ബോളറോടുള്ള ആരാധകപ്രേമം ഇന്നോ നാളെയോ അവസാനിക്കില്ല. കഴിഞ്ഞ 20 വർഷക്കാലം, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു ഫുട്ബോളർമാരിൽ ഒരാളായിരുന്ന ക്രിസ്റ്റ്യാനോ കളിക്കളത്തിനു പുറത്ത് സൃഷ്ടിച്ച പ്രഭാവലയം വളരെ വലുതാണ്.
സിആർ7 എന്ന ബ്രാൻഡിന്റെ മൂല്യം ഒന്നുകൊണ്ടു മാത്രമാണ് സൗദി അറേബ്യ തങ്ങളുടെ ദേശത്തൊരു പ്രഫഷനൽ ഫുട്ബോൾ ലീഗിനെ വളർത്തിക്കൊണ്ടുവരുന്നത്. ആഡംബര വാച്ചുകൾ മുതൽ ജാപ്പനീസ് ഫേഷ്യൽ മസിൽ ടോണറുകൾ വരെ അനേകം ബിസിനസ് ബ്രാൻഡുകളുടെ മേൽവിലാസവും മുഖവുമാണിപ്പോൾ ക്രിസ്റ്റ്യാനോ.

ക്രിസ്റ്റ്യാനോയ്ക്കു വേണ്ടി മാത്രം നാലിരട്ടി സുരക്ഷയാണ് യൂറോ കപ്പ് സംഘാടകർക്ക് ഏർപ്പെടുത്തേണ്ടി വന്നത്. എന്നിട്ടും, കഴിഞ്ഞ അഞ്ചിൽ 4 മത്സരങ്ങളും ആരാധകരുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടു. ചെക്ക് റിപ്പബ്ലിക്കിനെതിരായ ആദ്യ മത്സരത്തിനിടെ മൈതാനത്തേക്ക് 2 പേർ ഓടിക്കയറി ക്രിസ്റ്റ്യാനോയുടെ അരികിലെത്തി. അതോടെ, പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ യുവേഫയ്ക്കു ക്ഷമാപണ സ്വരത്തിൽ കത്തെഴുതി– തങ്ങളുടെ ക്യാപ്റ്റനോട് ആരാധകർക്ക് അതിരുകടന്നൊരു ഇഷ്ടമുണ്ട്. അതിനാൽ സുരക്ഷ വർധിപ്പിക്കേണ്ടത് അനിവാര്യമെന്നായിരുന്നു ആ കത്തിൽ.

തുർക്കിക്കെതിരെ നടന്ന അടുത്ത മത്സരത്തിൽ ഓടിക്കയറിയത് അരഡസനോളം പേർ. ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം നിന്നു സെൽഫിയെടുക്കാൻ വന്ന അവരെ പിടിക്കാനോടിയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂട്ടിയിടിച്ച് ഒരു പോർച്ചുഗൽ താരത്തിനും പരുക്കേറ്റു. ജോർജിയയ്ക്കെതിരായ മത്സരത്തിൽ പത്തിരട്ടി സുരക്ഷയേർപ്പെടുത്തിയ സംഘാടകരെ ഞെട്ടിച്ചുകൊണ്ട് ഗെൽസൻകിർഹൻ സ്റ്റേഡിയത്തിലെ ടണലിനു മുകളിൽനിന്നു ക്രിസ്റ്റ്യാനോയുടെ മുന്നിലേക്കു ചാടിവീണും ഒരു ആരാധകൻ ‘ഇഷ്ടംകാട്ടി’! സുരക്ഷാപ്രശ്നം ആവർത്തിക്കപ്പെട്ടതോടെ, സംഘാടകരായ ജർമനി ക്രിസ്റ്റ്യാനോയുടെ പേരിൽ മാത്രം യുവേഫയ്ക്ക് അടച്ച പിഴ സംഖ്യ 21,000 ഡോളറാണെന്നാണ് (ഏകദേശം 17.5 ലക്ഷം രൂപ) കണക്ക്.

18–ാം വയസ്സിൽ പോർച്ചുഗലിനായി അരങ്ങേറിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 212 മത്സരങ്ങളിൽനിന്ന് 130 ഗോളുകളാണു നേടിയത്. പുരുഷ ഫുട്ബോളിൽ ഇവ രണ്ടും സർവകാല റെക്കോർഡാണ്. 2004 യൂറോയിൽ, പന്തിനൊപ്പം നൃത്തച്ചുവടുകളുമായി ലോകശ്രദ്ധയിലേക്കു വന്ന പയ്യൻസിനു കീഴിൽ 2016ൽ പോർച്ചുഗൽ യൂറോപ്യൻ ചാംപ്യന്മാരായി. 2019ൽ പോർച്ചുഗലിനെ യുവേഫ നേഷൻസ് ലീഗ് ജേതാക്കളുമാക്കിയ ക്രിസ്റ്റ്യാനോയുടെ പടിയിറക്കത്തിന്റെ തുടക്കം കഴിഞ്ഞ ലോകകപ്പ് മുതലാണ്.
2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോടു തോറ്റു പോർച്ചുഗൽ പുറത്തായ മത്സത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പൊട്ടിക്കരഞ്ഞു. ഈ യൂറോയിൽ സ്ലൊവേനിയയ്ക്കെതിരെ പെനൽറ്റി കിക്ക് പാഴാക്കിയപ്പോൾ ക്രിസ്റ്റ്യാനോയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. ഈ കണ്ണീരിൽ പടരുന്ന യാഥാർഥ്യം അംഗീകരിക്കുന്ന ദിവസം താൻ കളി നിർത്തുകയാണെന്ന് അദ്ദേഹം ലോകത്തോടു പ്രഖ്യാപിക്കും; അതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസതാരം സ്റ്റെപ്പ് ഓവറും ഡ്രിബ്ലിങ്ങും ഒടുക്കമൊരു ഓവർഹെഡ് കിക്കും സഹിതം മൈതാനങ്ങളെ ഗോളടിച്ചുണർത്തിക്കൊണ്ടേയിരിക്കട്ടെ!