ADVERTISEMENT

ഈസ്റ്റ് റുഥർഫോഡ് (യുഎസ്) ∙ ടൂർണമെന്റിലെ തന്റെ ആദ്യ ഗോൾ സെമിഫൈനലിലേക്ക് കാത്തുവച്ച ലയണൽ മെസ്സിയുടെ ‘തിരിച്ചുവരവിന്’ സാക്ഷിയായ മത്സരത്തിൽ കാനഡയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. എതിരില്ലാത്തെ രണ്ടു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ ആധികാരിക ജയം. ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുമാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. ഇതോടെ കോൺകകാഫ് മേഖലയിൽ നിന്ന് അതിഥികളായെത്തി കോപ്പ അമേരിക്ക ജേതാക്കളാകാനുള്ള കാനഡയുടെ മോഹം പൊലിഞ്ഞു.

15ന് നടക്കുന്ന ഫൈനലിൽ യുറഗ്വായ്– കൊളംബിയ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും. സെമിപോരാട്ടത്തിൽ പന്തടക്കത്തിലും പാസ് കൃത്യതയിലുമെല്ലാം തുടക്കം മുതൽ ആധിപത്യം നേടിയായിരുന്നു അർജന്റീനയുടെ കുതിപ്പ്. ഗോളടിക്കാനുള്ള ആദ്യശ്രമങ്ങൾ കാനഡയുടെ ഭാഗത്തുനിന്നായിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 23–ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ ഗോളിലൂടെ അർജന്റീന ലീഡ് നേടി. ഡീപോളിന്റെ പാസിൽ കാനഡ പ്രതിരോധത്തെ തകർത്തായിരുന്നു അൽവാരസിന്റെ ഗോൾ. ഇതോടെ ആദ്യ പകുതിയിൽ അർജന്റീന 1–0നു മുന്നിൽ.

രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. എന്‍സോ ഫെര്‍ണാണ്ടസ് പിന്നിലേക്കു നല്‍കിയ പാസ് കനേഡിയന്‍ താരത്തിന്റെ കാലിലെത്തി. ബോക്‌സിന് പുറത്തുകടത്താന്‍ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അര്‍ജന്റീനാ താരത്തിന്റെ കാലിലെത്തി. ബോക്‌സ് ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. ഓഫ്‌സൈഡാണെന്ന് വാദിച്ച് കനേഡിയന്‍ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ വാര്‍ ചെക്കിങ് നടത്തി. പരിശോധനയ്‌ക്കൊടുവില്‍ ഗോള്‍ സാധുവായി. ഈ ടൂർണമെന്റിൽ മെസ്സിയുടെ ആദ്യ ഗോളാണിത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളായില്ല. കാനഡയുടെ മികച്ച ഒരു നീക്കം അർജന്റീന ഗോളി എമിലിയാനോ മാർ‌ട്ടിനസ് സേവ് ചെയ്തത് അർജന്റീനയ്ക്ക് രക്ഷയായി.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും 2–0നായിരുന്നു അർജന്റീനയുടെ ജയം. പിന്നീട് കരുത്തരായ ചിലെയെ മറികടന്നാണ് കാനഡ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്. ക്വാർ‌ട്ടറിൽ വെനസ്വേലയ്ക്കെതിരെ ഷൂട്ടൗട്ട് അതിജീവിക്കേണ്ടി വന്നുവെന്നു മാത്രം. പക്ഷേ ഒടുവിൽ സെമിഫൈനലിൽ അടിപതറി. ലോകചാംപ്യന്മാരായ അർജന്റീന, തുടർച്ചയായ രണ്ടാം തവണയാണ് കോപ്പ അമേരിക്ക ഫൈനലിൽ എത്തുന്നത്. കഴിഞ്ഞതവണ ചിരവൈരികളായ ബ്രസീലിനെ തകർത്താണ് അവർ കോപ്പ അമേരിക്ക ജേതാക്കളായത്.

English Summary:

Argentina vs Canada, Copa America Semi-Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com