ADVERTISEMENT

ഡോർട്മുണ്ട് (ജർമനി) ∙ ജൂഡ് ബെലിങ്ങാമോ കോഡി ഗാക്പോയോ ഒന്നുമല്ല, ഫെലിക്സ് സ്വയർ എന്ന ജർമൻകാരൻ റഫറിയാണ് ഇന്നത്തെ യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിലെ കേന്ദ്രബിന്ദു. ഇംഗ്ലണ്ടും നെതർലൻഡ്സും തമ്മിലുള്ള മത്സരത്തിലുടനീളം മൈതാനത്ത് ഓടേണ്ട ഫെലിക്സ് സ്വയറിന്റെ പ്രകടനവും ഇന്നത്തെ മത്സരഫലത്തിൽ നിർണായകമാവും. 2021ൽ ജർമൻ ബുന്ദസ് ലിഗയിൽ ബൊറൂസിയ ഡോർട്മുണ്ട് – ബയൺ മ്യൂണിക് മത്സരത്തിനിടെ ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമംഗം ജൂഡ് ബെലിങ്ങാമുമായി കൊമ്പുകോർത്തതിന്റെ പേരിലാണ് ഫെലിക്സ് സ്വയർ ആദ്യം വാർത്തകളിൽ ഇടംനേടിയത്.

അന്ന് ഇടഞ്ഞതിനു ബെലിങ്ങാം നൽകേണ്ടി വന്നതു വലിയ പിഴയാണ്; 40,000 യൂറോ. ഇന്നത്തെ സെമിഫൈനൽ വേദിയിൽ തന്നെയായിരുന്നു ഈ സംഭവവും. ജർമനിയിലെ ഒത്തുകളി വിവാദത്തിലും ഉൾപ്പെട്ടിട്ടുണ്ട് സ്വയർ. ആ പഴയകാല കഥകളെല്ലാം ഇപ്പോൾ കുത്തിപ്പൊക്കുന്നവരുടെ ഉദ്ദേശ്യം എന്തു തന്നെയായാലും, യൂറോ സെമിഫൈനലിൽ റഫറിക്കു മാറ്റമുണ്ടാകില്ലെന്നു യുവേഫ നിസ്സംശയം വ്യക്തമാക്കിക്കഴിഞ്ഞതാണ്; മത്സരത്തിനു കിക്കോഫ് ഇന്ത്യൻ സമയം രാത്രി 12.30ന്.

20

നെതർലൻഡ്സിനെതിരെ കഴിഞ്ഞ 9 കളികളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്. 4 കളികൾ തോറ്റു; നാലെണ്ണം സമനിലയായി. 2018 മാർച്ചിൽ ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ നേടിയ 1–0 വിജയം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയപ്പട്ടികയിലുള്ളത്.


ഇംഗ്ലണ്ട്–നെതർലൻഡ്സ് യൂറോ കപ്പ് സെമിഫൈനൽ മത്സരം നിയന്ത്രിക്കേണ്ട ജർമൻ റഫറി ഫെലിക്സ് സ്വയർ
ഇംഗ്ലണ്ട്–നെതർലൻഡ്സ് യൂറോ കപ്പ് സെമിഫൈനൽ മത്സരം നിയന്ത്രിക്കേണ്ട ജർമൻ റഫറി ഫെലിക്സ് സ്വയർ

ഇംഗ്ലണ്ട് X നെതർലൻഡ്സ് 

1988ൽ യൂറോപ്യൻ ചാംപ്യൻമാരായതിനു ശേഷം ഇതുവരെ യൂറോയുടെ ഫൈനലിൽ എത്തിയിട്ടില്ലെന്ന ചരിത്രം തിരുത്താനാണ് നെതർലൻഡ്സ് വരുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോയുടെ സെമിയിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ഒരു ഗോൾ വഴങ്ങിയതിനു ശേഷം മത്സരത്തിലേക്കു തിരിച്ചെത്തി ജയിച്ചവരാണ് 2 ടീമുകളും. സ്വിറ്റ്സർലൻഡുമായി 1–1 സമനില വഴങ്ങിയ ഇംഗ്ലണ്ട് പെനൽറ്റി ഷൂട്ടൗട്ട് കടന്നു സെമിയിലെത്തി. തുർക്കിക്കെതിരെ 2–1നായിരുന്നു നെതർലൻഡ്സിന്റെ ക്വാർട്ടർ വിജയം. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ തണുപ്പൻ തന്ത്രങ്ങൾക്കെതിരെ ആരാധക പ്രതിഷേധം ശക്തമായി നിലവിലുണ്ട്. എന്നാൽ, ഡച്ച് കോച്ച് റൊണാൾഡ് കൂമാന് ഇത്തരമൊരു തലവേദനയില്ല. യൂറോയിൽ ഇംഗ്ലണ്ട് ഇതുവരെ നേരിട്ട ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ നെതർലൻഡ്സ് കരുത്തരാണ്.  

21

ഇംഗ്ലണ്ടിനു ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഫിറ്റ്നസ് ചോദ്യചിഹ്നമാണ്. സ്വിറ്റ്സർലൻഡിനെതിരെ എക്സ്ട്രാ ടൈമിൽ പേശിവലിവു മൂലം കെയ്നു മൈതാനം വിടേണ്ടി വന്നിരുന്നു. വലംകാൽ ഫുട്ബോളറായ കീറൺ ട്രിപ്പിയറിനെയാണ് ഇടതുവിങ് ബായ്ക്കായി സൗത്ത്ഗേറ്റ് ഏറെ ആശ്രയിക്കുന്നത്. ഫെബ്രുവരിയിലെ പരുക്കിനു ശേഷം വിശ്രമത്തിലായിരുന്ന ലൂക്ക് ഷാ കഴിഞ്ഞ കളിയിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. ഇന്ന് ആദ്യ ഇലവനിൽ ലൂക്ക് ഷായെ കോച്ച് ഉൾപ്പെടുത്തുമോയെന്നു കണ്ടറിയാം. അതേസമയം, കഴിഞ്ഞ കളിയിലെ അതേ നെതർലൻഡ്സ് ടീമിനെയാവും കൂമാൻ ഇന്നും ആദ്യ ഇലവനിൽ കളത്തിലിറക്കുക. കോഡി ഗാപ്കോയും മെംഫിസ് ഡിപായിയും ആക്രമണം നയിക്കും. 

English Summary:

Euro cup football 2024 semi final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com