ADVERTISEMENT

മ്യൂണിക്ക്∙ 16 വയസ്സുകാരൻ ലാമിൻ യമാലും നിക്കോ വില്യംസും തകർത്താടിയ മത്സരത്തിൽ കിലിയൻ എംബപെയുടെ ഫ്രാൻസിനെ മറികടന്ന് യൂറോ കപ്പ് ഫൈനലിലെത്തി സ്പെയിൻ. സെമി ഫൈനലിൽ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം. 15ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്– നെതർലൻഡ്സ് മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.

യൂറോയിൽ അഞ്ചാം ഫൈനൽ കളിക്കാനാണ് സ്പെയിൻ ഒരുങ്ങുന്നത്. 2024 യൂറോ കപ്പിൽ തോൽവി അറിയാതെയാണ് സ്പെയിൻ ഫൈനൽ വരെ മുന്നേറിയത്. 2012 യൂറോ കപ്പ് ജേതാക്കളായതിനു ശേഷം ആദ്യമായാണ് സ്പെയിൻ യൂറോ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നതെന്ന പ്രത്യേകയുമുണ്ട്. സെമിയിൽ ലാമിൻ യമാൽ (21–ാം മിനിറ്റ്), ഡാനി ഒൽമോ (25) എന്നിവരാണ് സ്പെയിനിന്റെ ഗോൾ സ്കോറർമാർ. 9–ാം മിനിറ്റിൽ കോലോ മുവാനി ഫ്രാൻസിന്റെ ഗോൾ നേടി. ആദ്യ പകുതിയിൽ ലീഡെടുത്ത ശേഷം ഫ്രാൻ‌സ് രണ്ടു ഗോളുകൾ വഴങ്ങുകയായിരുന്നു. യൂറോ കപ്പിന്റെ ചരിത്രത്തിൽ തന്നെ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമാണ് സ്പെയിൻ. മധ്യനിരയിൽ പെദ്രിയും റൈറ്റ് ബാക്ക് ഡാനി കർവഹാലും ഇല്ലാതെ ഇറങ്ങിയാണ് സ്പെയിൻ കരുത്തുറ്റ ഫ്രഞ്ച് നിരയിലെ തടഞ്ഞുനിർത്തിയത്.

യൂറോ കപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമാണ് 16 വയസ്സുകാരനായ ലാമിൻ യമാൽ. 2004 യൂറോയിൽ 18 വയസ്സും 141 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ സ്വിറ്റ്സർലൻ‍ഡിന്റെ ജൊനാതൻ വോൺലാതനെയാണ് യമാൽ പിന്നിലാക്കിയത്. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ നേട്ടം. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങിയപ്പോൾ യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും യമാൽ സ്വന്തമാക്കിയിരുന്നു. സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന ക്ലബ്ബിന്റെ താരമായ യമാൽ ഇത്തവണ യൂറോയിൽ സ്പെയിനിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചു. ഒരു ഗോളും 3 അസിസ്റ്റുകളുമാണ് റൈറ്റ് വിങ്ങറായി കളിക്കുന്ന യമാൽ ഇതുവരെ നേടിയത്.

ആദ്യ പകുതിയിൽ മൂന്നു ഗോളാണു മത്സരത്തിൽ പിറന്നത്. ഒൻപതാം മിനിറ്റിൽ കോലോ മുവാനിയിലൂടെ ഫ്രാൻസ് ആദ്യം ലീഡ‍െടുത്തു. ഫ്രഞ്ച് ക്യാപ്റ്റൻ എംബപെ നൽകിയ പാസിൽനിന്നാണ് ഫ്രാൻസിന്റെ ഗോളെത്തിയത്. മുവാനി പന്തു തലകൊണ്ട് സ്പാനിഷ് വലയിലെത്തിക്കുമ്പോൾ ഗോളി ഉനായ് സിമോണ് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഈ യൂറോ കപ്പിൽ ഓപ്പൺ പ്ലേയിൽനിന്നു ഫ്രാൻസ് നേടുന്ന ആദ്യ ഗോളുമായി അത്. കളിയുടെ തുടക്കത്തിൽത്തന്നെ ലീഡ് നേടിയതോടെ ഫ്രാൻസ് അൽപമൊന്നു പ്രതിരോധത്തിലേക്കു വലി‍ഞ്ഞതാണ് 4 മിനിറ്റിന്റെ ഇടവേളയിൽ 2 ഗോൾ തിരിച്ചടിക്കാൻ സ്പെയിനു സഹായകമായത്.

21–ാം മിനിറ്റിൽ ലാമിൻ യമാലിലൂടെ സ്പെയിൻ സമനില പിടിച്ചു. ഫ്രഞ്ച് പ്രതിരോധ താരങ്ങൾ നോക്കി നിൽക്കെ അവരുടെ തലയ്ക്കു മുകളിലൂടെ യമാലിന്റെ വണ്ടർ കിക്ക് ഫ്രാൻ‌സിന്റെ വലയിലെത്തി.ദാനി ഒൽമോയിലൂടെയായിരുന്നു സ്പെയിൻ ആദ്യമായി മത്സരത്തില്‍ ലീഡെടുത്തത്. ഫ്രാൻസ് ബോക്സിൽ‌നിന്ന് ദാനി ഒൽമോയുടെ കിക്ക് ഫ്രഞ്ച് താരം ജൂൾസ് കോണ്ടെയുടെ കാലിൽ തട്ടി സ്വന്തം വലയിലെത്തി. യൂറോ കപ്പിൽ താരത്തിന്റെ മൂന്നാം ഗോളാണിത്.

ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം കടുപ്പിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പല തവണ കുതിച്ചെത്തിയ ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബപെയെ പ്രതിരോധക്കോട്ട കെട്ടിയാണ് സ്പെയിൻ തടഞ്ഞത്. രണ്ടാം പകുതിയിൽ സമനില ഗോൾ നേടുക ലക്ഷ്യമിട്ട് ആന്റോയിൻ ഗ്രീസ്മൻ, ഒലിവർ ജിറൂദ് എന്നിവരെ ഫ്രാൻസ് ഇറക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

English Summary:

Spain vs France, EURO Cup Semi Final Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com