ബിൽബാവോയിൽനിന്ന് വില്യംസിനെ എത്തിക്കാൻ ബാർസയ്ക്ക് ‘സാമ്പത്തിക ഞെരുക്കം’; ‘ടിക്ടോക് സംഭാവന’യുമായി ആരാധകർ

Mail This Article
മഡ്രിഡ് ∙ സൂപ്പർതാരം നിക്കോ വില്യംസിനെ ടീമിലെത്തിക്കാൻ ബാർസിലോന ആരാധകരുടെ ‘ടിക് ടോക്’ ധനസമാഹരണം. യൂറോ കപ്പിൽ സ്പെയിനിനെ കിരീടജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരിൽ ഒരാളായ ഇരുപത്തിരണ്ടുകാരൻ നിലവിൽ ലാ ലിഗ ക്ലബ് അത്‌ലറ്റിക് ബിൽബാവോയുടെ താരമാണ്. ഇവിടെനിന്നു നിക്കോ വില്യംസിനെ കൊത്തിക്കൊണ്ടുപോകാൻ യൂറോപ്പിലെ മുൻനിര ക്ലബ്ബുകളെല്ലാം രംഗത്തുണ്ട്.
സ്പെയിൻ ദേശീയ ടീമിൽ ലമീൻ യമാലിനൊപ്പം മികച്ച ധാരണയോടെ കളിക്കാൻ നിക്കോ വില്യംസിനു സാധിച്ചതിനാലാണ് ക്ലബ് ഫുട്ബോളിൽ യമാലിന്റെ ടീമായ ബാർസിലോനയ്ക്കായി ആരാധകർ രംഗത്തുവന്നത്.
നിക്കോയുടെ റിലീസ് തുകയായി 5.8 കോടി യൂറോയാണ് ബിൽബാവോ നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക പരാധീനത നേരിടുന്ന ബാർസിലോനയ്ക്ക് ഇത്രയും വലിയ തുക സമാഹരിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ആരാധകരുടെ ‘ടിക് ടോക്’ സംഭാവന. നിക്കോയെ ക്ലബ്ബിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു സമൂഹമാധ്യങ്ങളിൽ ക്യാംപെയിനുകളും നടക്കുന്നുണ്ട്.