യൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റി വിട്ടു; 690 കോടി രൂപയ്ക്ക് സ്വന്തമാക്കി അത്‌ലറ്റിക്കോ മഡ്രിഡ്
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന താരം യൂലിയൻ അൽവാരസിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ്. 7.5 കോടി യൂറോയ്ക്കാണ് (ഏകദേശം 690 കോടി രൂപ) ഇരുപത്തിനാലുകാരൻ സ്ട്രൈക്കറിനെ അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. ഇതിനു പുറമേ 2.5 കോടി യൂറോ (ഏകദേശം 230 കോടി രൂപ) ബോണസായി അൽവാരസിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
2030 വരെയാണ് ക്ലബ്ബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. 19–ാം നമ്പർ ജഴ്സിയായിരിക്കും അത്‌ലറ്റിക്കോയിൽ അൽവാരസിന് ലഭിക്കുകയെന്നാണ് വിവരം. അർജന്റീന ക്ലബ് റിവർ പ്ലേറ്റിൽ നിന്ന് 2022ൽ, 1.8 കോടി ഡോളറിനാണ് (ഏകദേശം 150 കോടി രൂപ) അൽവാരസ് സിറ്റിയിൽ എത്തിയത്.
ഇംഗ്ലിഷ് ക്ലബ്ബിനൊപ്പം 2 പ്രിമിയർ ലീഗ് കിരീടം, ചാംപ്യൻസ് ലീഗ്, എഫ്എ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടിയ ശേഷമാണ് അൽവാരസ് സ്പാനിഷ് ലീഗിലേക്ക് ചുവടുമാറുന്നത്. സിറ്റിക്കായി 103 മത്സരങ്ങൾ കളിച്ച താരം 36 ഗോളുകൾ നേടി. കോപ്പ അമേരിക്കയും ഫുട്ബോൾ ലോകകപ്പും നേടിയ അർജന്റീന ടീമിലും അംഗമായിരുന്നു.
അൽവാരസ് സിറ്റി വിടാൻ ആഗ്രഹിക്കുന്നതായി പരിശീലകൻ പെപ് ഗ്വാർഡിയോള കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അൽവാരസിനു പകരം ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ സിറ്റി ശ്രമിക്കുന്നുണ്ട്. സീസണിൽ ബ്രസീലിയൻ വിങ്ങർ സാവിയോ മാത്രമാണ് സിറ്റിയുമായി കരാറിൽ എത്തിയത്.