യങ്, സ്ട്രോങ് ആൻഡ് ടാലന്റഡ്...; ബ്ലാസ്റ്റേഴ്സിന്റെ മുന്നണിപ്പോരാളി ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര സംസാരിക്കുന്നു...
Mail This Article
കൊച്ചി ∙ ‘‘ബിലീവ് മി. ഹീ ഈസ് യങ്, സ്ട്രോങ് ആൻഡ് ടാലന്റഡ്. ഹീ വിൽ ഡെലിവർ’’ – ശാന്തമായ ചിരിയോടെ ഇവാൻ വുക്കോമനോവിച് കഴിഞ്ഞ സീസൺ തുടക്കത്തിൽ പറഞ്ഞതു ക്വാമെ പെപ്രയെന്ന പുതിയ ശിഷ്യനെക്കുറിച്ചായിരുന്നു. ‘അറിയപ്പെടാത്ത’ ആ ഘാന സ്ട്രൈക്കർക്കു പല തോൽവികൾക്കു ശേഷവും അവസരങ്ങൾ നൽകുന്നത് എന്തിനെന്ന ചോദ്യത്തിനായിരുന്നു ഇവാന്റെ മറുപടി.
പെപ്ര ആ വിശ്വാസം കാത്തു. കളം പിടിച്ചു! പരുക്കു പിന്നിട്ടു മടങ്ങിയെത്തുമ്പോൾ പരിശീലക സ്ഥാനത്ത് ഇവാനു പകരം മികേൽ സ്റ്റോറെയാണ്. തായ്‌ലൻഡിലെ പ്രീ സീസൺ പര്യടനത്തിലും ഇപ്പോൾ ഡ്യുറാൻഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് മുൻനിരയിൽ പെപ്രയുടെ അധ്വാനമുണ്ട്. ഡ്യുറാൻഡിലെ ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് മിന്നിത്തിളങ്ങുമ്പോൾ പെപ്ര ‘മനോരമ’യോട്.
? പുതിയ കോച്ച്, പുതിയ സീസൺ, പുതിയ തന്ത്രങ്ങൾ
ശരിയാണ്. ഞാൻ കരുതുന്നത് ക്ലബ് എന്ന നിലയിൽ ടീം എല്ലായ്പ്പോഴും കോച്ചിന്റെ ആശയങ്ങൾക്കൊപ്പം ഉറച്ചു കളിക്കുന്നു എന്നാണ്. പുതിയ കോച്ചിന് അദ്ദേഹത്തിന്റേതായ തന്ത്രങ്ങൾ ഉണ്ട്, അതിനൊപ്പം മാറുക എന്നതാണു പ്രധാനം.
? ലൂണ – പെപ്ര – സദൂയി ത്രയം
കഴിഞ്ഞ സീസണിൽ ദിമിയുമായുള്ള (ദിമിത്രി ഡയമന്റകോസ്) എന്റെ അറ്റാക്കിങ് പാർട്നർഷിപ് മികച്ചതായിരുന്നു എന്നെനിക്കറിയാം. പക്ഷേ, കഴിഞ്ഞ സീസൺ മുഴുവൻ അദ്ദേഹത്തോടൊപ്പം കളിക്കാനായില്ല. ഞാൻ തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹം ടീം വിടുകയും ചെയ്തു. പ്രഫഷനൽ ഫുട്ബോൾ അങ്ങനെയാണ്. സോ ഫാർ സോ ഗുഡ്! പുതിയ താരങ്ങളുമായി മികച്ച കൂട്ടുകെട്ടു സൃഷ്ടിക്കാനാണ് എന്റെ ശ്രമം; നോവ സദൂയി ഉൾപ്പെടെ.
? പരുക്കും പുനരധിവാസവും
ഇറ്റ് വാസ് നോട്ട് ആൻ ഈസി ജേണി! കടുത്തതായിരുന്നു പരുക്കിന്റെ കാലം. ടീം മാനേജ്മെന്റ്, സഹകളിക്കാർ, മെഡിക്കൽ സ്റ്റാഫ്... എല്ലാവരും ഉറച്ച പിന്തുണ നൽകി. അതുകൊണ്ടാണ് എനിക്കു വേഗം തിരിച്ചെത്താനായത്.
? പുതിയ സീസണിലെ പ്രതീക്ഷകൾ
ഫുട്ബോളർ ഒരു സൈനികനെപ്പോലെയാണ്! സൈനികർ എല്ലായ്പോഴും പോരാട്ടത്തിന് ഒരുങ്ങിയിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ക്ലബ്ബിന്റെ അഭിമാനം ഉയർത്താനുള്ളതാണ് എന്റെ പോരാട്ടങ്ങൾ.
? കേരള ജീവിതം രണ്ടാം വർഷത്തിലേക്ക്
കേരളം മനോഹരമായ സ്ഥലമാണ്. കൗതുകം തോന്നിക്കുന്ന നാട്. ഇന്ത്യയിൽ വരുന്ന ആരെയും ഏറ്റവും ആകർഷിക്കുന്ന ഇടങ്ങളിലൊന്നു കേരളം തന്നെ. കേരളത്തിൽ എവിടെപ്പോയാലും ആരും അപരിചിതനായി കാണാറില്ല. അതുകൊണ്ടാകണം കേരളം രണ്ടാം വീടായി തോന്നുന്നത്!