ഐഎസ്എലിൽ നിയമമാറ്റം; ഇന്ത്യൻ സഹപരിശീലകൻ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്നിവ ഈ സീസൺ മുതൽ
Mail This Article
കൊൽക്കത്ത ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ (ഐഎസ്എൽ) ഈ സീസൺ മുതൽ എല്ലാ ക്ലബ്ബുകൾക്കും ഇന്ത്യൻ സഹപരിശീലകൻ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, തെറ്റായ റെഡ് കാർഡുകൾക്ക് അപ്പീൽ നൽകാൻ സംവിധാനം തുടങ്ങിയ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കും. 13ന് ആരംഭിക്കുന്ന പുതിയ സീസണിന് മുന്നോടിയായാണ് നിയമപരിഷ്കാരങ്ങൾ.
പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ:
∙ എല്ലാ ടീമുകൾക്കും ഇന്ത്യക്കാരനായ ഒരു സഹപരിശീലകൻ നിർബന്ധം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രഫഷനൽ ലൈസൻസോ തത്തുല്യമായ യോഗ്യതയോ ഇവർക്കു നിർബന്ധമാണ്. ടീമിന്റെ മുഖ്യപരിശീലകൻ പുറത്താക്കപ്പെടുകയോ പിന്മാറുകയോ ചെയ്താൽ ഇടക്കാല പരിശീലകന്റെ ചുമതല വഹിക്കേണ്ടത് ഇവരായിരിക്കും.
∙ ഒരു മത്സരത്തിൽ കളിക്കാരനു റെഡ്കാർഡ് കിട്ടിയത് തെറ്റായ റഫറീയിങ് മൂലമാണെങ്കിൽ ഇതിനെതിരെ അപ്പീൽ നൽകാൻ ടീമുകൾക്ക് അവസരം. മത്സരം അവസാനിച്ച് 2 മണിക്കൂറിനകം ഇക്കാര്യം മാച്ച് കമ്മിഷണറെ അറിയിക്കണം.
അച്ചടക്കസമിതി അപ്പീൽ പരിശോധിക്കും. അതേസമയം, അനുചിതമായ ഭാഷ ഉപയോഗിച്ചതിനാണു നടപടിയെങ്കിൽ അപ്പീൽ പരിഗണിക്കില്ല.
∙ എല്ലാ ടീമിനും മറ്റു സബ്സ്റ്റിറ്റ്യൂഷനുകൾക്കു പുറമേ ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെക്കൂടി ആവശ്യമെങ്കിൽ കളത്തിലിറക്കാം. കളിക്കാരനു തലയ്ക്കു പരുക്കേറ്റു കളി തുടരാൻ പറ്റാത്ത സാഹചര്യമെന്നു കണ്ടാലാണ് ഇതിന് അനുമതി.
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കുന്ന ടീമിന്റെ എതിർ ടീമിന് ഒരു അധിക സബ്സ്റ്റിറ്റ്യൂഷനും അനുവദിക്കും.