തിരുവനന്തപുരം കൊമ്പൻസിന്റെ ടൈറ്റിൽ സ്പോൺസറായി അദാനി; പാട്രിക് മോട്ട ക്യാപ്റ്റനാകും

Mail This Article
തിരുവനന്തപുരം∙ സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് ടീമിന്റെ ടൈറ്റിൽ സ്പോൺസറായി അദാനി ഗ്രൂപ്പ്. കൊമ്പൻസും അദാനിയും തമ്മിലുള്ള മൂന്ന് വർഷത്തേക്കുള്ള സഹകരണം ഇന്ന് തിരുവനന്തപുരത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യാതിഥിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ലോഗോ അവതരിപ്പിച്ചപ്പോൾ ആന്റണി രാജു എംഎൽഎ ഫ്രാഞ്ചൈസിയുടെ നായകനെ പ്രഖ്യാപിച്ചു. ടൈറ്റിൽ സ്‌പോൺസറായ അദാനിയ്ക്കുവേണ്ടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ മുഖ്യ വിമാനത്താവള ഓഫിസർ രാഹുൽ ഭക്തകോടിയും സഹ-സ്‌പോൺസറും ഹെൽത്ത്‌കെയർ പങ്കാളിയുമായ കിംസ് ഹെൽത്ത്‌കെയറിനെ പ്രതിനിധീകരിച്ച് സിഇഒ ജെറി ഫിലിപ്പും പങ്കെടുത്തു.
അതിഥികൾ ടീം ജഴ്‌സിയും ഫ്രാഞ്ചൈസിയുടെ പതാകയും അവതരിപ്പിച്ച ചടങ്ങിൽ ടീം ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും പുറത്തുവിട്ടു. കേരളത്തിന്റെ ഫുട്‌ബോൾ മേഖലയിൽ സൂപ്പർ ലീഗ് കേരളം പുതുജീവൻ കൊണ്ടുവരുമെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടി തിരുവനന്തപുരം കൊമ്പൻസിന് സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ക്രിക്കറ്റിനു പകരം മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ഫുട്‌ബോളിന്റെ സാധ്യതകൾക്കുവേണ്ടി നിക്ഷേപിക്കാൻ തീരുമാനിച്ച പ്രൊമോട്ടർമാരെ മന്ത്രി അഭിനന്ദിച്ചു.
ആരോഗ്യം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്നുള്ള ഒരു പിടി നിക്ഷേപകരാണ് തിരുവനന്തപുരം കൊമ്പൻസിന്റെ സഹ-ഉടമകൾ. ബ്രസീലിന്റെ പാട്രിക് മോട്ടയെ തിരുവനന്തപുരം കൊമ്പൻസിന്റെ നായകനായി പരിശീലകൻ സെർജിയോ അലെക്‌സാൻദ്രേ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു. 2024 സെപ്തംബർ 10ന് കോഴിക്കോട് വച്ച് കാലിക്കറ്റ് എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിന്റെ അടക്കമുള്ള ടിക്കറ്റുകൾ www.kombansfc.com എന്ന പുതുതായി ആരംഭിച്ച വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് തിരുവനന്തപുരം കൊമ്പൻസ് സിഇഒ എൻ.എസ്. അഭയകുമാർ പറഞ്ഞു. കൂടാതെ, https://insider.in/online എന്ന വെബ്‌സൈറ്റിലും ടിക്കറ്റുകൾ ലഭ്യമാണ്.