റോണോയ്ക്ക് ഗോൾനമ്പർ 901, സ്കോട്ലൻഡിനെതിരെ സമനിലയുടെ വക്കിൽ പോർച്ചുഗലിന്റെ വിജയശിൽപി– വിഡിയോ
Mail This Article
ലിസ്ബൺ∙ മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ ലീഡ് നേടി ഞെട്ടിച്ച സ്കോട്‍ലൻഡിനെ, മത്സരം അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ സമനിലയുടെ വക്കിൽനിന്നും വിജയഗോളുമായി ഞെട്ടിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫലം, യുവേഫ നേഷൻസ് ലീഗിലെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ പോർച്ചുഗലിന്, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച ആവേശ ജയം. 7–ാം മിനിറ്റിൽ സ്കോട് മക്ഡൊമിനിയുടെ ഗോളിൽ ലീഡെടുത്ത സ്കോട്‌ലൻഡിനെ, ബ്രൂണോ ഫെർണാണ്ടസ് (54–ാം മിനിറ്റ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (88) എന്നിവരുടെ ഗോളുകളിലാണ് പോർച്ചുഗൽ മറികടന്നത്. കരിയറിൽ റൊണാൾഡോയുടെ 901–ാം ഗോൾ കൂടിയാണിത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയ റൊണാൾഡോയുടെ രണ്ടു ഗോൾശ്രമങ്ങൾ പോസ്റ്റിൽത്തട്ടി തെറിച്ചെങ്കിലും, മത്സരം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ലക്ഷ്യം കണ്ടു. സമനില ഉറപ്പിച്ചുനിന്ന സ്കോട്‌ലൻഡിന്റെ ചങ്കു തകർത്ത ഗോളുമായി ഇത്. ആദ്യ മത്സരത്തിൽ പോളണ്ടിനോടും തോറ്റ സ്കോട്‌ലൻഡ്, പ്രധാന മത്സരങ്ങളിൽ വിജയമില്ലാതെ പൂർത്തിയാക്കുന്ന എട്ടാം മത്സരമാണിത്. ഏറ്റവും ഒടുവിൽ കളിച്ച 14 മത്സരങ്ങളിൽ അവർക്ക് ജയിക്കാനായത് ഒരേയൊരു മത്സരത്തിൽ മാത്രം. സ്കോട്‍ലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇത്.
മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ പോളണ്ടിനെ തോൽപ്പിച്ചു. സൂപ്പർതാരം ലൂക്കാ മോഡ്രിച്ച് രക്ഷകനായി അവതരിച്ച മത്സരത്തിലാണ് ക്രൊയേഷ്യയുടെ ജയം. അവരുടെ ഏക ഗോൾ 52–ാം മിനിറ്റിലാണ് മോഡ്രിച്ച് നേടിയത്. സ്വിറ്റ്സർലൻഡിനെതിരെ സ്പെയിൻ 4–1ന്റെ മികച്ച വിജയം സ്വന്തമാക്കി. ഫാബിയൻ റൂയിസിന്റെ ഇരട്ടഗോളും (13, 77 മിനിറ്റുകളിൽ), ജോസലു (4–ാം മിനിറ്റ്), ഫെറാൻ ടോറസ് (80) എന്നിവരുടെ ഗോളുകളുമാണ് സ്പെയിന് തകർപ്പൻ വിജയം സമ്മാനി്ചചത്. റോബിൻ ലെ നോർമാൻഡ് ചുവപ്പുകാർഡ് കണ്ട് 20–ാം മിനിറ്റിൽ പുറത്തു പോയതിനാൽ, 10 പേരുമായാണ് സ്പെയിൻ മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്. സ്വിസ്സിന്റെ ഏക ഗോൾ 41–ാം മിനിറ്റിൽ സേകി ആംദൗനി നേടി. ആദ്യ മത്സരത്തിൽ സ്പെയിൻ സെർബിയയോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു.
മറ്റു മത്സരങ്ങളിൽ സ്ലൊവാക്യ അസർബൈജാനെയും (2–0), ബെലാറൂസ് ലക്സംബർഗിനെയും (1–0), ബൾഗേറിയ നോർത്തേൺ അയർലൻഡിനെയും (1–0), ഡെൻമാർക്ക് സെർബിയയെയും (2–0) തോൽപ്പിച്ചു.